തിരുവനന്തപുരം : കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിച്ചതില്‍ ദുഃഖം രേഖപ്പെടുത്തി സംഭവം നടന്ന് 27 മണിക്കുറുകള്‍ക്ക് ശേഷം ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ബിന്ദുവിന്‍റെ മരണം വേദനിപ്പിക്കുന്നു. ‘ആ കുടുംബത്തിന്‍റെ ദുഖം എന്‍റെയും’ എന്നാണ് മന്ത്രി വീണ ജോര്‍ജ് എഫ്ബിയില്‍ പ്രതികരിച്ചത് .
മന്ത്രിയുടെ എഫ് ബി പോസ്റ്റ് ഇങ്ങനെ ;
“കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണ്. ആ കുടുംബത്തിന്റെ ദു:ഖം എന്റേയും ദു:ഖമാണ്. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ പ്രിയപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകും”.
ഇന്നലെ ഉച്ചക്കാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിലുണ്ടായ അനാസ്ഥ കാരണം രണ്ടുമണിക്കൂറിനുശേഷമാണ് ബിന്ദുവിനെ കണ്ടെടുത്തത്.
ബിന്ദുവിന്‍റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മന്ത്രിമാരാരും എത്തിയില്ല എന്നാരോപണം ഉയരുന്നതിനിടെയാണ് ഒരു ദിവസം പിന്നിട്ടശേഷം ഫേസ്ബുക്ക് പോസ്റ്റുമായി ആരോഗ്യ മന്ത്രിയെത്തിയത്. ആരോഗ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലും ബിന്ദുവിന്‍റെ മരണത്തെക്കുറിച്ചുള്ള പരാമര്‍ശമുണ്ടായിരുന്നില്ല. ഇന്ന് മാധ്യമപ്രവര്‍ത്തകരോടും മന്ത്രി പ്രതികരിച്ചിരുന്നില്ല. അതിനിടെ മന്ത്രിയുടെ പ്രതികരണത്തിലെ ആത്മാർത്ഥതയില്ലായ്മ ചൂണ്ടിക്കാണിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.















