മംഗളൂരു: കർണാടകയിലെ ബിജെപി നേതാവ് പ്രവീൺ നെട്ടാരുവിന്റെ വധക്കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി കണ്ണൂരിൽ അറസ്റ്റിൽ.
കൊലപാതകക്കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ആണ് കഴിഞ്ഞ രണ്ട് വർഷമായി ഒളിവിലായിരുന്ന മുഖ്യപ്രതിയെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. ഖത്തറിൽ നിന്നെത്തിയ അബ്ദുൾ റഹ്മാനെയാണ് ഇന്ന് കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വെച്ച് എൻ.ഐ.എ സംഘം പിടികൂടിയത്.
പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എൻഐഎ ഇതിനകം 21 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പിഎഫ്‌ഐ നേതാക്കളുടെ നിർദ്ദേശപ്രകാരം പ്രധാന അക്രമികളെയും കേസിൽ ഉൾപ്പെട്ട മറ്റുള്ളവരെയും അറസ്റ്റിലായ പ്രതി അബ്ദുൾ റഹ്മാൻ സ്വമേധയാ അഭയം നൽകിയതായി അന്വേഷണത്തിൽ വ്യക്തമായി. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് എൻഐഎ നാല് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
2022 ജൂലൈ 26 നാണ് ദക്ഷിണ കന്നഡ ജില്ലയിലെ നിരോധിതസംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) അംഗങ്ങൾ പ്രവീൺ നെട്ടാരുവിനെ സുള്ള്യ ബെല്ലാരെയിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസിൽ ആകെ 28 പ്രതികൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.















