ഒടുവിൽ ബോളിവുഡ് താരം സൽമാൻ ഖാൻ പുത്തൻ ചിത്രം പ്രഖ്യാപിച്ചു. ബാറ്റിൽ ഓഫ് ഗാൽവാൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സൽമാൻ സൈനിക കഥാപാത്രമായാകും എത്തുക എന്നാണ് വിവരം. രശ്മികയ്‌ക്കൊപ്പമെത്തിയ സിക്കന്ദറിന്റെ വമ്പൻ പരാജയത്തിന് ശേഷം പ്രഖ്യാപിക്കുന്ന ആദ്യ ചിത്രമാണിത്. സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്.
സൈനിക യൂണിഫോമിൽ ചോരയിൽ മുങ്ങിക്കുളിച്ച് ടെറർ ലുക്കിലാണ് സൽമാനെ കാണാനാകുന്നത്. സമുദ്രനിരപ്പിൽ നിന്ന് 15,000 അടി ഉയരത്തിൽ, ഒരു തവണ പോലും വെടിയുതിർക്കാതെയാണ് ഇന്ത്യ അതിമാരകമായ പോരാട്ടം നടത്തിയത്. —എന്നൊരു കുറിപ്പും ഇതിനൊപ്പം ചേർത്തിട്ടുണ്ട്. 2020-ൽ ഗാൽവാൻ താഴ്വരയിലുണ്ടായ ഇന്ത്യ-ചൈന സംഘർഷങ്ങളാകും ചിത്രത്തിന് പശ്ചാത്തലമാവുക. അപൂർവ ലഖിയ സംവിധാനം ചെയ്യുന്ന ചിത്രം സൽഖാൻ ഫിലിംസാണ് നിർമിക്കുന്നത്.
സെയ്ൻ ഷാ, അങ്കൂർ ഭാട്ടിയ, ഹർഷിൽ ഷാ, ഹീര സോഹാൾ, അഭിലാഷ് ചൗധരി, വിപിൻ ഭരദ്വാജ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതേസമയം നിർമാതാക്കൾ ഇതുവരെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.















