കൊച്ചി: ഇടപ്പള്ളിയിൽ അഞ്ചും ആറും വയസുള്ള പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കാറിലെത്തിയ സംഘമാണ് ട്യൂഷന് പോകാനിറങ്ങിയ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും അടങ്ങുന്ന സംഘമാണ് കാറിനുള്ളിൽ ഉണ്ടായിരുന്നത്. ബലം പ്രയോഗിച്ച് കാറിൽ കയറ്റാൻ ശ്രമിച്ചതോടെ കുട്ടികൾ നിലവിളിച്ച് കുതറിയോടുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈകീട്ട് നാലേമുക്കാലോടെയാണ് സംഭവം. കുട്ടികൾ ഇരുവരും വീട്ടിൽ നിന്നും ട്യൂഷനുപോകുന്ന വീട്ടിലേക്ക് ഇറങ്ങിയതായിരുന്നു. ഇരുവരെയും യാത്രയാക്കി മുത്തശ്ശി വീടിന്റെ ഗേറ്റിനു സമീപത്ത് ഉണ്ടായിരുന്നു. കുട്ടികൾ നടന്നു നീങ്ങവേ ഒരു വെള്ള കാർ ഇവരുടെ അടുത്തേക്ക് കൊണ്ട് നിർത്തുകയും കാറിന്റെ പിൻവശത്തിരുന്നയാൾ കുട്ടികൾക്ക് നേരെ മിഠായികൾ നീട്ടുകയും ചെയ്തു.
ഇളയകുട്ടി മിഠായി വാങ്ങിയതുകണ്ട് മൂത്തകുട്ടി ഇത് വാങ്ങി കളയുകയായിരുന്നു. ഇതിനിടെ കാറിലുള്ളവർ ഇളയ പെൺകുട്ടിയെ കാറിനുള്ളിലേക്ക് വലിച്ച് കയറ്റാൻ ശ്രമം നടത്തി. ഇതോടെ കുട്ടികൾ ഉറക്കെ കരഞ്ഞു. ഇതിനിടെ സമീപത്തുണ്ടായിരുന്ന തെരുവുപട്ടി കാറിനടുത്തേക്ക് കുരച്ചുചാടിയെത്തിയതോടെ മൂവർസംഘം ഡോറടച്ച് വേഗത്തിൽ കാർ ഓടിച്ച് പോവുകയായിരുന്നു. കുട്ടികൾ ട്യൂഷന് പോകുന്ന വീട്ടിലേക്ക് ഓടിക്കയറുകയും ചെയ്തു.
നടന്ന സംഭവം കുട്ടികൾ ട്യൂഷൻ ടീച്ചറിനോട് വിവരിക്കുകയും ടീച്ചർ കുട്ടികളുടെ വീട്ടിൽ വിളിച്ച് മാതാപിതാക്കളെ വിവരമറിയിക്കുകയും ചെയ്തു. സ്ഥലത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. ഈ ഭാഗത്ത് സിസിടിവികൾ ഇല്ലെങ്കിലും സമീപത്തെ മറ്റ് സിസിടിവികൾ പരിശോധിച്ച് വരികയാണ്. സംഭവത്തിൽ എളമക്കര പോലീസ് അന്വേഷണം തുടങ്ങി.















