കൊച്ചി: ഇടപ്പള്ളിയിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവം കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമല്ലെന്ന് പൊലീസ്. കാറിലുണ്ടായിരുന്നത് ഒമാൻ സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിൽ കൂടുതൽ വ്യക്തത വന്നത്.
ഒമാൻ സ്വദേശികൾ വാത്സല്യം കൊണ്ടാണ് കുട്ടികളെ കണ്ടപ്പോൾ മിഠായി നൽകിയത്. എന്നാൽ കുട്ടികൾ ഇത് തെറ്റിദ്ധരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ വ്യക്തത വന്നതോടെ പരാതിയില്ലെന്ന് കുട്ടികളുടെ മാതാപിതാക്കൾ പൊലീസിനെ അറിയിച്ചു.ഇതോടെ കസ്റ്റഡിയിലുണ്ടായിരുന്ന ഒമാൻ സ്വദേശികളെ വിട്ടയച്ചു.
ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ട്യൂഷൻ കഴിഞ്ഞ് വരികയായിരുന്ന കുട്ടികളെ കാറിലുണ്ടായിരുന്ന മൂന്നംഗ സംഘം മിഠായി കാണിച്ച് സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും എന്നാൽ അവർ വാങ്ങാൻ കൂട്ടാക്കാത്തത് മൂലം ബലംപ്രയോഗിച്ച് കാറിലേക്ക് കയറ്റാൻ ശ്രമിച്ചുവെന്നുമായിരുന്നു പരാതി.















