ന്യൂഡൽഹി: കന്നഡഭാഷയെ അപമാനിച്ച കേസിൽ നടൻ കമൽഹാസന് മുന്നറിയിപ്പുമായി ബെംഗളൂരു കോടതി. കന്നഡഭാഷയെ അധിക്ഷേപിക്കുന്ന തരത്തിൽ ഇനിയൊരു പരാമർശങ്ങളും നടത്തരുതെന്ന് കോടതി അറിയിച്ചു. ഇത് സംബന്ധിച്ച് കർശന നിർദേശങ്ങൾ വ്യക്തമാക്കുന്ന ഉത്തരവ് കോടതി പുറപ്പെടുവിച്ചു.
കന്നഡ സാഹിത്യ പരിഷത്ത് പ്രസിഡന്റ് മഹേഷ് ജോഷി സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. കേസുമായി ബന്ധപ്പെട്ട് സമൻസ് അയയ്‌ക്കാൻ കോടതി നിർദേശിച്ചു. കേസിൽ കൂടുതൽ വാദം കേൾക്കുന്നതിന് ഓഗസ്റ്റ് 30-ലേക്ക് മാറ്റിയിട്ടുണ്ട്.
കന്നഡ ഭാഷയ്‌ക്കും സംസ്കാരത്തിനുമെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതിൽ കർശന വിലക്കും ഏർപ്പെടുത്തി. കന്നഡ ഭാഷ, സാഹിത്യം, ഭൂമി, സംസ്കാരം എന്നിവയ്‌ക്കെതിരെ അപകീർത്തികരമായ രീതിയിൽ പ്രസ്താവനകളോ, പ്രസിദ്ധീകരണങ്ങളോ പോസ്റ്റുകളോ നടത്തരുതെന്നും കോടതി നിർദേശിച്ചു.















