കൊല്ലം: ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഒരു സ്ത്രീ കൂടി അറസ്റ്റിൽ. എറണാകുളം പാലാരിവട്ടം സ്വദേശിയായ ചിഞ്ചുവാണ് അറസ്റ്റിലായത്. കേസിലെ നാലാം പ്രതിയാണ് അറസ്റ്റിലായ ചിഞ്ചു.
സമൂഹമാദ്ധ്യമങ്ങളിലൂടെ പരസ്യം ചെയ്താണ് ചിഞ്ചുവും സംഘവും തട്ടിപ്പ് നടത്തിയത്. ന്യൂസിലാൻഡിൽ ജോലി തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. പറവൂർ സ്വദേശി നിഷാദിന്റെ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രണ്ട് പേരെ കൂടി ഇനി കണ്ടെത്തേണ്ടതുണ്ട്.
2023-ലാണ് തട്ടിപ്പ് നടന്നത്. 11.5 ലക്ഷം രൂപയാണ് പരാതിക്കാരനിൽ നിന്നും പ്രതികൾ തട്ടിയെടുത്തത്. വിസ, സർവീസ് ചാർജ് എന്നിങ്ങനെയായി രണ്ട് തവണയായി പണം കൈക്കലാക്കി. വിസ ലഭിക്കേണ്ട സമയം കഴിഞ്ഞിട്ടും ലഭിക്കാതായതോടെയാണ് പരാതിയുമായി യുവാവ് രംഗത്തെത്തിയത്.
വിസ ലഭിക്കാത്തതിനെ തുടർന്ന് പ്രതികളുമായി വാക്കുതർക്കമുണ്ടാവുകയും പണം തിരികെ ചോദിക്കുകയുമായിരുന്നു. പിന്നാലെ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. നാലരമാസം മുമ്പ് ഒന്നാം പ്രതിയും അറസ്റ്റിലായിരുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരുന്നുണ്ട്.















