വ്യാജ തിരിച്ചറിയൽ രേഖകളുണ്ടാക്കി വേഷംമാറി രണ്ട് വർഷത്തോളം എസ്ഐയായി ജോലി ചെയ്ത കേസിൽ യുവതി അറസ്റ്റിൽ. രാജസ്ഥാനിലെ സിക്കാർ സ്വദേശിയായ മോണാ ബുഗാലിയാണ് വ്യാജരേഖകളുണ്ടാക്കി പൊലീസ് അക്കാദമിയിൽ കയറിപ്പറ്റിയത്.
യൂണിഫോം ധരിച്ച്, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം ചിത്രങ്ങളെടുത്തും, ആഡംബര വിരുന്നുകളിൽ അതിഥിയായി എത്തിയും വ്യാജ എസ്ഐ ഉദ്യോഗം മോണാ ബുഗാലി ആവോളം ആസ്വദിച്ചു. പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം വീഡിയോകൾ പകർത്താനും അവ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കാനും യുവതി സമയം കണ്ടെത്തിയിരുന്നു.
സബ് ഇൻസ്പെക്ടർ റിക്രൂട്ട്മെന്റ് പരീക്ഷയിൽ പോലും വിജയിക്കാതെയാണ് ബുഗാലിയ സംസ്ഥാനത്തെ പ്രമുഖ പൊലീസ് പരിശീലന സ്ഥാപനത്തിൽ പ്രവേശിച്ചത്.
അറസ്റ്റിന് പിന്നാലെ യുവതിയുടെ മുറിയിൽ നടത്തിയ പരിശോധനയിൽ ഏഴ് ലക്ഷം രൂപയും മൂന്ന് പൊലീസ് യൂണിഫോമുകളും ലഭിച്ചു. വ്യാജ തിരിച്ചറിയൽ രേഖകളും സർട്ടിഫിക്കറ്റും ഉണ്ടാക്കാൻ നിർമിച്ച രേഖകളും പൊലീസ് കണ്ടെടുത്തു.
എസ്ഐ പരീക്ഷയിൽ യുവതി വിജയിച്ചിട്ടില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ചില സബ്ഇൻസ്പെക്ടർ ഉദ്യോഗസ്ഥർക്ക് തോന്നിയ സംശയങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. പിന്നീട് ചോദ്യം ചെയ്യലിൽ എല്ലാ കാര്യങ്ങളും യുവതി സമ്മതിക്കുകയായിരുന്നു.















