മലപ്പുറം: കാളികാവിലെ നരഭോജി കടുവ വനംവകുപ്പിന്റെ കെണിയിൽ വീണു.
ഒന്നര മാസത്തെ ദൗത്യത്തിനൊടുവിലാണ് കടുവ പിടിയിലായത്. കടുവയെ മറ്റൊരിടത്ത് കൊണ്ടുപോയി തുറന്നു വിടരുതെന്നും, വെടിവച്ച് കൊല്ലണമെന്നും ആവശ്യപ്പെട്ട് സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. കടുവയെ ഉടൻ കാട്ടിലേക്ക് വിടില്ലെന്നും വനം വകുപ്പ് സംരക്ഷണത്തിൽ സൂക്ഷിച്ചശേഷം തുടർ നടപടി സ്വീകരിക്കുമെന്ന ഉറപ്പിൻ മേലാണ് കടുവയെ സ്ഥലത്ത് നിന്ന് മാറ്റാൻ നാട്ടുകാർ സമ്മതിച്ചത്.
മെയ് 15നാണ് ടാപ്പിംഗ് തൊഴിലാളിയായ കളപ്പറമ്പിൽ ഗഫൂർ അലി (44) കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സുഹൃത്തിന്റെ മുന്നിൽ വച്ചായിരുന്നു ഗഫൂറിനെ കടുവ കടിച്ചു കൊന്നത് . തുടർന്ന് പ്രദേശത്ത് 20 അംഗങ്ങൾ വീതമുള്ള മൂന്ന് സംഘം തെരച്ചിൽ ആരംഭിച്ചിരുന്നു. പിന്നാലെ നാട്ടുകാർ ഇടപെട്ട് പ്രദേശത്ത് ക്യാമറ സ്ഥാപിക്കുകയും ചെയ്തിരുന്നു.
കടുവയെ പിടികൂടാനായി വച്ച കൂട്ടിൽ മേയ് അവസാനം ഒരു പുലി കുടുങ്ങിയിരുന്നു. കേരള എസ്റ്റേറ്റ് സി വൺ ഡിവിഷനിൽ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ഈ പുലിയെ പിന്നീട് വനം വകുപ്പ് കാട്ടിൽ തുറന്നു വിട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാർ പ്രതിഷേധിച്ചത്.















