തിരുവനന്തപുരം: മലയാള സിനിമയിലെ എക്കാലത്തെയും ഓർമ്മിക്കപ്പെടുന്ന നടൻ പ്രേംനസീറിനെതിരെയുള്ള വിവാദ പരാമർശങ്ങളിൽ മാപ്പ് പറഞ്ഞ് നടൻ ടിനി ടോം . പ്രേംനസീർ എന്ന മഹാനടനെതിരെ താൻ അറിഞ്ഞുകൊണ്ട് ഇതുവരെ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ലെന്നും തന്റെ സീനിയർ താരങ്ങളിൽ ചിലർ പങ്കുവെച്ച അഭിപ്രായങ്ങളിൽ ചിലതാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
അറിയാതെ എന്തെങ്കിലും പറഞ്ഞ് പോയെങ്കിൽ എല്ലാപേരോടും മാപ്പ് പറയുന്നതായും ടിനി ടോം അറിയിച്ചു. യു.കെ.യിൽ ഒരു പ്രോഗ്രാമിനായി നിൽക്കുന്ന ടി നി ടോം പ്രേംനസീർ സുഹൃത് സമിതിക്ക് അയച്ച വീഡിയോ സന്ദേശത്തിലൂടെയാണ് തന്റെ ഖേദം പ്രകടിപ്പിച്ചത്. പ്രേംനസീർ ഒരു വലിയ മനുഷ്യനാണെന്നും ആ നടനെതിരെ ഒരു വാക്ക് പോലും പറയാൻ തനിക്ക് കഴിയില്ലന്നും ടിനിടോം പറയുന്നു.
ഒരഭിമുഖത്തിൽ നിന്നും ചിലഭാഗങ്ങൾ അടർത്തിയെടുത്ത് പ്രചരിപ്പിച്ച് അത് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. എന്നാൽ തന്റെ പരാമർശങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ താൻ മാപ്പുപറയാൻ തയാണ് തയാറാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ടിനിടോമിന്റെ പരാമർശങ്ങൾക്കെതിരെ പ്രേംനസീർ സുഹൃത് സമിതി രംഗത്തുവരുകയും
നടൻ മാപ്പ് പറയണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു.















