മുംബൈ: മുംബൈ കലാപക്കേസിലെ പിടികിട്ടാപ്പുള്ളി 32 വർഷത്തിന് ശേഷം അറസ്റ്റിൽ. 1993 ലെ കലാപക്കേസിലെ മുഖ്യപ്രതികളിൽ ഒരാളായ ആരിഫ് ഖാൻ അലി ഹാഷ്മുള്ള ആണ് പിടിയിലായത്. ഞായറാഴ്ചയാണ് യുപി വഡാലയിൽ നിന്ന് മുംബൈ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വെൽഡറായി ജോലി ചെയ്തിരുന്ന ആരിഫ് ഖാൻ പൊലീസിന്റെ കണ്ണുവെട്ടിക്കാൻ ‘ഷെയ്ഖ്’ എന്ന കുടുംബപ്പേര് ഉപയോഗിച്ചു വരികയായിരുന്നു.
32 വർഷമായി ആരിഫ് ഖാൻ ഒളിവിലായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം ഉത്തർപ്രദേശിലേക്ക് പോയത്.
ശനിയാഴ്ച വഡാല ഈസ്റ്റിലെ ദീൻ ബന്ധു നഗറിൽ നിന്നാണ് പ്രതിയെ പിടികൂടിയത്, മുംബൈ പൊലീസ് വ്യക്തമാക്കി.
കലാപത്തിന് പിന്നാലെ കൊലപാതകം, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപാഹ്വാനം എന്നീ കുറ്റങ്ങൾ ചുമത്തി ആരിഫ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങി ഒളിവിൽ പോകുകയായിരുന്നു. ഡിസിപി വിജയകാന്ത് സാഗറിന്റെ നിർദ്ദേശപ്രകാരം പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.