തൃശൂർ: കേരളത്തിലേക്ക് രാസലഹരി കടത്തുന്ന സംഘത്തിലെ പ്രധാനിയെ ഹരിയാനയിൽ നിന്നും അറസ്റ്റ് ചെയ്തു. ബീഹാറിലെ പട്ന സ്വദേശിനി സീമ സിൻഹയെ (52) ആണ് തൃശൂർ സിറ്റി പൊലീസ് പിടികൂടിയത്. രാസലഹരിയുമായി പിടികൂടിയ ചാവക്കാട് സ്വദേശികളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് അറസ്റ്റിലേക്ക് നയിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 28 നാണ് ചാവക്കാട് സ്വദേശികളായ ഫസൽ, നെജിൽ എന്നിവരെ 47 ഗ്രാം രാസലഹരിയുമായി തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത്. തുടർന്ന് സംഭവത്തിൻെറ ഉറവിടം തേടി പോയ അന്വേഷണ സംഘം എത്തിയത് ബെംഗളൂരു കമ്മനഹള്ളി സ്വദേശി ഭരത്തിന്റെ അറസ്റ്റിലേക്കാണ്. ഡൽഹി, ഹരിയാന അതിർത്തികൾ കേന്ദ്രീകരിച്ചാണ് ഇയാൾ പ്രവർത്തിക്കുന്നത് ചോദ്യം ചെയ്യലിൽ വ്യക്തമായി. ലഹരി വാങ്ങാനായി ഹരിയാനയിലെ ഗുരുഗ്രാമിലുള്ള സീമ സിൻഹ എന്ന് പേരിലുള്ള ഒരു ബാങ്ക് അകൗണ്ടിലേക്കാണ് പണം അയക്കുന്നതെന്ന് ഇയാൾ അന്വേഷണ സംഘത്തിനോട് പറഞ്ഞിരുന്നു.
തുടർന്ന് അന്വേഷണ സംഘം ഹരിയാനയിൽ എത്തി പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു. പത്തോളം ബാങ്ക് അക്കൗണ്ടുകളാണ് ലഹരി വിതരണം ചെയ്യുന്നതിനായി ഇവർ ഉപയോഗിക്കുന്നത്. കോടികളുടെ ഇടപാടുകളാണ് ആഴ്ച തോറും ഇതിൽ നടക്കുന്നത്. ഡൽഹി, ഹരിയാന എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചുള്ള ആഫ്രിക്കൻ വംശജരടങ്ങിയ നാലംഗ ടീമാണ് ലഹരി കടത്തിൻെറ പ്രധാന കണ്ണികൾ. ഇതുമായി ബന്ധപെട്ട കൂടുതൽ പ്രതികളെ ഉടനെ പിടികൂടുമെന്ന് തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ അറിയിച്ചു