കോട്ടയം: ആറ്റിൽ തുണി കഴുകുന്നതിനിടെ നീർനായയുടെ കടിയേറ്റ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. പാണംപടി കലയംകേരിൽ നിസാനി (53) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10.30-ഓടെ പാണംപടി പള്ളിക്ക് സമീപം മീനച്ചിലാറ്റിൽ തുണി കഴുകുന്നതിനിടെയാണ് നിസാനിയെ നീർനായ കടിച്ചത്.
കടിയേറ്റതിനെത്തുടർന്ന് അവർ ജനറൽ ആശുപത്രയിൽപോയി പ്രാഥമിക ചികിത്സ തേടിയിരുന്നു.എന്നാൽ വൈകുന്നേരത്തോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നിസാനി കുഴഞ്ഞുവീഴുകയായിരുന്നു, ഉടൻതന്നെ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂവെന്ന് ഡോക്ടർമാർ അറിയിച്ചു.