ഭർത്താവ് മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം ഭാര്യ താമസിച്ചത് ദിവസങ്ങളോളം. കൊയമ്പത്തൂർ ഉക്കടം ഗാന്ധിനഗറിലാണ് ദാരുണമായ സംഭവം. 48 കാരനായ അബ്ദുൾ ജാഫറാണ് മരിച്ചത്. വീട്ടിൽ നിന്നും കടുത്ത ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ മകനെ വിവരമറിയിക്കുകയായിരുന്നു. മകൻ നടത്തിയ പരിശോധനിലാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ 10 വർഷമായി ദമ്പതികൾ ഇതേ വീട്ടിലാണ് താമസം. സ്ഥിരം മദ്യപാനിയാണ് മരിച്ച അബ്ദുൾ ജാഫർ. അതിനാൽ ഇവരുടെ രണ്ട് മക്കളും മുത്തശ്ശിക്കൊപ്പമാണ് താമസിക്കുന്നത്. അബ്ദുൾ ജാഫർ ജോലിക്ക് പോകാറില്ലെന്നും മദ്യപിച്ച് വീട്ടിൽ കിടന്നുറങ്ങുന്ന സ്വഭാവക്കാരനാണെന്നും ബന്ധുക്കൾ പറയുന്നു.
കഴിഞ്ഞ കുറച്ച് ദിവസമായി ഇവരുടെ വീട്ടിൽ നിന്നും ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു. അയൽക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് കഴിഞ്ഞാഴ്ച മകൻ ഷാരൂഖ് ഖാൻ വിട്ടിൽ എത്തിയിരുന്നു. അന്ന് അച്ഛൻ ഉറങ്ങുകയാണെന്നും എലി ചത്തതാണെന്നും പറഞ്ഞ് മകനെ തിരിച്ചയച്ചു.
ദിവസങ്ങൾ കഴിയും തോറും ദുർഗന്ധം കൂടിവന്നു. മകൻ വീണ്ടും എത്തി വീട്ടിന്റെ അകത്ത് കയറി പരിശോധിക്കുകയായിരുന്നു. മൃതദേഹത്തിന് ഒരാഴ്ചയിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. പോസ്റ്റമോർട്ടത്തിനായി കൊയമ്പത്തൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. അമ്മയ്‌ക്ക് മാനസികാസ്വസ്ഥ്യമുണ്ടെന്ന് മകൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.