ജയ്പൂർ: വ്യവസായിയെ ബിഷ്ണോയി ഗുണാസംഘം വെടിവച്ചുകൊന്നു. പഞ്ചാബിലെ അബോഹർ നഗരത്തിലാണ് സംഭവം. ടെക്സ്റ്റൈൽ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ സഞ്ജയ് വർമയാണ് കൊല്ലപ്പെട്ടത്. രാവിലെ പത്ത് മണിക്കാണ് കൊലപാതകം നടന്നത്. കാറിലിരുന്ന് ഉറങ്ങുകയായിരുന്ന സഞ്ജയിയെ ഒരു സംഘം ആളുകളെത്തി വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് പിന്നാലെ ലോറൻസ് ബിഷ്ണോയിയുടെ സഹോദരനും അനുയായിയുമായ ആർസൂ ബിഷ്ണോയി കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സോഷ്യൽമീഡിയയിൽ പങ്കുവച്ച പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്.
സിസിടിവി ദൃശ്യത്തിൽ പ്രതികളുടെ ദൃശ്യങ്ങൾ തെളിഞ്ഞിട്ടുണ്ട്. ബൈക്കിലാണ് അക്രമികൾ എത്തിയത്. കൃത്യം നടത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്ന അക്രമികളെ ദൃശ്യത്തിൽ കാണാം. സംഭവസ്ഥലത്ത് വച്ചുതന്നെ സഞ്ജയ് വർമ മരിച്ചു.
മുഖംമൂടി ധരിച്ചാണ് അക്രമികൾ സ്ഥലത്തെത്തിയത്. ആക്രമണത്തിന് മണിക്കൂറുകൾക്ക് മുമ്പ് പ്രദേശത്ത് ചുറ്റിത്തിരിയുന്നതും തിടുക്കത്തിൽ സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സഞ്ജയ് വർമയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യവസായികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.