സെലെബിക്ക് രക്ഷയില്ല; സുരക്ഷാ അനുമതി പിന്‍വലിച്ചതിനെതിരെയുള്ള തുര്‍ക്കി കമ്പനിയുടെ ഹര്‍ജി തള്ളി

ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണ് തുര്‍ക്കി കമ്പനിയുടെ സുരക്ഷാ അനുമതി പിന്‍വലിച്ചതെന്ന് കേന്ദ്ര സര്‍ക്കാരിനായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത

Published by
Janam Web Desk

ന്യൂഡെല്‍ഹി: ദേശീയ സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്ത് സുരക്ഷാ അനുമതി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് തുര്‍ക്കി വ്യോമയാന ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് സ്ഥാപനമായ സെലിബി നല്‍കിയ ഹര്‍ജി ഡെല്‍ഹി ഹൈക്കോടതി തള്ളി. സെലിബി എയര്‍പോര്‍ട്ട് സര്‍വീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും സെലിബി ഡെല്‍ഹി കാര്‍ഗോ ടെര്‍മിനല്‍ മാനേജ്‌മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും സമര്‍പ്പിച്ച ഹര്‍ജികളാണ് ജസ്റ്റിസ് സച്ചിന്‍ ദത്ത തള്ളിയത്.

മെയ് 15 നാണ് ഏവിയേഷന്‍ സെക്യൂരിറ്റി റെഗുലേറ്ററായ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) നിരവധി ഇന്ത്യന്‍ വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ്ങും കാര്‍ഗോ പ്രവര്‍ത്തനങ്ങളും നിയന്ത്രിച്ചിരുന്ന സെലിബിയുടെ സുരക്ഷാ അനുമതി പിന്‍വലിച്ചത്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം തുര്‍ക്കി പാകിസ്ഥാനെ പരസ്യമായി പിന്തുണക്കുകയും പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും (പിഒകെ) ഭീകര ക്യാമ്പുകളില്‍ ഇന്ത്യ നടത്തിയ ആക്രമണങ്ങളെ അപലപിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ദേശീയ സുരക്ഷാ താല്‍പ്പര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. തുര്‍ക്കി നിര്‍മിത ഡ്രോണുകളും മറ്റും ഉപയോഗിച്ചാണ് പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിച്ചത്.

ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണ് തുര്‍ക്കി കമ്പനിയുടെ സുരക്ഷാ അനുമതി പിന്‍വലിച്ചതെന്ന് കേന്ദ്ര സര്‍ക്കാരിനായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. വ്യോമയാന സുരക്ഷയ്‌ക്കുള്ള അഭൂതപൂര്‍വമായ ഭീഷണിയെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു. സെലിബിയുടെ സേവനം തുടരുന്നത് അപകടസാധ്യതകളുണ്ടാക്കുമെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ക്ലിയറന്‍സ് പിന്‍വലിച്ചതെന്നും തുഷാര്‍ മേത്ത അറിയിച്ചു.

സര്‍ക്കാരിന്റെ നീക്കം സ്വാഭാവിക നീതിയുടെ തത്വങ്ങളും എയര്‍ക്രാഫ്റ്റ് സെക്യൂരിറ്റി റൂള്‍സിന് കീഴിലുള്ള നടപടിക്രമങ്ങളും ലംഘിക്കുന്നതായി സെലിബിയുടെ അഭിഭാഷകന്‍ വാദിച്ചു. ഇത്തരമൊരു കടുത്ത നടപടി സ്വീകരിക്കുന്നതിന് മുമ്പ് നോട്ടീസ് പുറപ്പെടുവിക്കുകയും ഒരു ഹിയറിംഗിന് അവസരം നല്‍കുകയും ചെയ്യണമായിരുന്നെന്നും അഭിഭാഷകന്‍ വാദിച്ചു.

തുര്‍ക്കിയിലെ സെലിബി ഗ്രൂപ്പിന്റെ ഭാഗമായ കമ്പനികള്‍ 15 വര്‍ഷത്തിലേറെയായി ഇന്ത്യയുടെ വ്യോമയാന മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. രാജ്യത്തെ ഒന്‍പത് വിമാനത്താവളങ്ങളിലാണ് കമ്പനി ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ്, കാര്‍ഗോ സേവനങ്ങള്‍ നല്‍കിയിരുന്നത്.

Share
Leave a Comment