തിരുവനന്തപുരം: പാകിസ്ഥാന് വേണ്ടി ചാരവൃത്തി ചെയ്ത സംഭവത്തിൽ അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്രയുടെ കേരളസന്ദർശനം സംബന്ധിച്ച് അന്വേഷണം ആരംഭിച്ച് കേന്ദ്ര ഏജൻസികൾ. ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് ക്ഷണിച്ചുവരുത്തിയത് സംസ്ഥാനടൂറിസം വകുപ്പാണെന്ന വിവരം പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. കേരളത്തിലെ വിവിധയിടങ്ങളിൽ സംസ്ഥാന സർക്കാരിന്റെ ചെലവിൽ ജ്യോതി സന്ദർശനം നടത്തിയിട്ടുണ്ടെന്നാണ് വിവരം.
കഴിഞ്ഞ ദിവസമാണ് ഈ നിർണായക വിവരങ്ങൾ പുറത്തുവന്നത്. ജ്യോതിയുടെ പശ്ചാത്തലം പൂർണമായും പരിശോധിച്ചതിന് ശേഷമാണോ ടൂറിസം പ്രമോഷന് വേണ്ടി തെരഞ്ഞെടുത്തതെന്നും എങ്ങനെയാണ് ഇവർ പ്രധാന വ്ലോഗേഴ്സ് പട്ടികയിൽ വന്നതെന്നും അന്വേഷിക്കും.
ഈ വർഷം ജനുവരിയിലാണ് ജ്യോതി കേരളത്തിൽ എത്തിയത്. ഏഴ് ദിവസത്തോളം ഇവിടെ തങ്ങി. കണ്ണൂർ, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, ഇടുക്കി തുടങ്ങിയ വിവിധ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിച്ച് വ്ലോഗ് ചെയ്തു. ജ്യോതിയുടെ ഭക്ഷണം, താമസം, യാത്ര എന്നീ സൗകര്യങ്ങളെല്ലാം ഒരുക്കികൊടുത്തത് സംസ്ഥാന സർക്കാരാണ്.
കൊച്ചിൻ ഷിപിയാഡ്, ആരാധനാലയങ്ങൾ, കോവളം, വർക്കല, തേക്കടി, ജടായുപ്പാറ, ഇരവികുളം ദേശീയോദ്യാനം എന്നിവിടങ്ങളിലും ജ്യോതി സന്ദർശനം നടത്തിയിട്ടുണ്ട്. 75 ലക്ഷം രൂപയാണ് പാക് ചാരയുടെ ചെലവിനായി വിനിയോഗിച്ചതെന്നും പുറത്തുവന്നിട്ടുണ്ട്.