ന്യൂഡൽഹി: പാകിസ്ഥാന്റെ പരമാധികാരത്തിന് നേരെയുള്ള ഏത് വെല്ലുവിളിയും ശക്തമായി നേരിടുമെന്ന് പാക് ആർമി ചീഫ് അസിം മുനീർ. ഇന്ത്യ- പാക് സംഘർഷത്തിൽ ചൈന സഹായിച്ചില്ലെന്നും ഇന്ത്യയുടെ വാദം തെറ്റാണെന്നും അസിം മുനീർ അവകാശപ്പെട്ടു. ഇസ്ലാമാബാദിലെ നാഷണൽ ഡിഫൻസ് യൂണിവേഴ്‌സിറ്റിയിൽ നടന്ന പരിപാടിയിലായിരുന്നു പ്രതികരണം.
പാകിസ്ഥാന്റെ ജനവാസകേന്ദ്രങ്ങൾ, സൈനിക താവളങ്ങൾ, തുറമുഖങ്ങൾ എന്നിവ ലക്ഷ്യവയ്‌ക്കുന്ന ഏതൊരുശ്രമവും തകർക്കും. പരസ്പരം ബഹുമാനത്തിലും സമാധാനത്തിലും മുന്നോട്ട് പോകാൻ പാകിസ്ഥാൻ എന്നും ശ്രമിച്ചിട്ടുണ്ടെന്നും അസിം മുനീർ വാദിച്ചു.
പാകിസ്ഥാന് ചൈനയിൽ നിന്നാണ് ആയുധങ്ങൾ ലഭിക്കുന്നതെന്ന ഇന്ത്യൻ ആർമി ഡെപ്യൂട്ടി ചീഫ് ലഫ്റ്റനന്റ് ജനറൽ രാഹുൽ ആർ സിംഗിന്റെ പ്രസ്താവന അടിസ്ഥാനരഹിതം എന്നാണ് അസിം മുനീർ പറഞ്ഞത്. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കനുസരിച്ച് പാകിസ്ഥാന് ലഭിക്കുന്ന ആയുധങ്ങളുടെ 81 ശതമാനം ചൈനയിൽ നിന്നാണെന്ന് രാഹുൽ ആർ സിംഗ് ചൂണ്ടിക്കാട്ടിയിരുന്നു.
ചൈനയ്‌ക്ക് അവരുടെ ആയുധങ്ങൾ പരീക്ഷിക്കാൻ കഴിഞ്ഞു. പാകിസ്ഥാനോടും ചൈനയോടും മാത്രമല്ല, തുർക്കിയുമായും ഇന്ത്യയ്‌ക്ക് യുദ്ധം ചെയ്യേണ്ടിവന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.