പെരുമ്പാമ്പിന്റെ ഉള്ളിൽ നിന്നും കാണാതായ 63 കാരന്റെ മൃതദേഹം കണ്ടെത്തി. ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ വെള്ളിയാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. 26 അടിയാണ് പെരുമ്പാമ്പിന്റെ നീളം.
സൗത്ത് ബ്യൂട്ടൺ ജില്ലയിലെ മജാപഹിത് ഗ്രാമത്തിലാണ് 63 കാരൻ താമസിക്കുന്നത്.
പതിവ് പോലെ തന്റെ കൃഷിയിടത്തിലേക്ക് പോയ അദ്ദേഹം ഇരുട്ടിയിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. ആശങ്കയിലായ കുടുംബം പ്രദേശവാസികളെ വിവരം അറിയിച്ചു.
കുടുംബവും പ്രദേശവാസികളും ചേർന്ന് നടത്തിയ തെരച്ചലിൽ കർഷകന്റെ മോട്ടോർ സൈക്കിൾ വയലിന് സമീപം കണ്ടെത്തി. അധികം ദൂരെയല്ലാതെ വീർത്ത വയറുമായി പെരുമ്പാമ്പ് ചുരുണ്ടു കൂടി കിടക്കുന്നതും കണ്ടു. പാമ്പ് എന്തോ വിഴുങ്ങിയിട്ടുണ്ടെന്ന് ഉറപ്പായതോടെ ഗ്രാമവാസികൾ രണ്ടും കൽപ്പിച്ച് പെരുമ്പാമ്പിനെ കൊന്നു. തുടർന്ന് കത്തി ഉപയോഗിച്ച് വയറു കീറിയപ്പോഴാണ് ഒരു തുള്ളി ചോര പോലും പൊടിയാത്ത കർഷകന്റെ മൃതദേഹം കണ്ടെത്തിയത്. പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ മൃതദേഹം കർഷകന്റെ വീട്ടിലേക്ക് കൊണ്ടുപോയി.
മഴക്കാലത്ത് ഗ്രാമത്തിലെത്തുന്ന പെരുമ്പാമ്പുകൾ വളർത്തുമൃഗങ്ങളെ വിഴുങ്ങാറുണ്ടെങ്കിലും ഒരു മനുഷ്യനെ വിഴുങ്ങുന്നത് ഇതാദ്യമാണെന്ന് ദുരന്തനിവാരണ ഏജൻസി തലവൻ ലാ ഒഡെ റിസാൽ പറഞ്ഞു.















