ബെംഗളൂരു: പ്രേതബാധയുണ്ടെന്ന് ആരോപിച്ച് 55 കാരിയെ മകനും സംഘവും തല്ലിക്കൊന്നു. കർണാടക ശിവമോഗ ജില്ലയിലെ ജംബർഗട്ടെ ഗ്രാമത്തിലാണ് സംഭവം. ഗീതാമ്മയാണ് കൊല്ലപ്പെട്ടത്. മകൻ സഞ്ജയ് അടക്കം മൂന്ന് പേരെ കൊലപാത കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
സ്ത്രീയെ പ്രതികൾ ഉപദ്രവിക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. വീഡിയോയിൽ മുടി അഴിച്ചിട്ട് ഗീതമ്മ നിലത്ത് അർദ്ധബോധാവസ്ഥയിൽ ഇരിക്കുന്നത് കാണാം. പ്രതികൾ തലയിൽ ഇടിക്കുന്നത് കാണാം. ഗീതാമ്മയുടെ മുടി പിടിച്ച് വലിക്കുന്നതും വലിയ വടി കൊണ്ട് അടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനിടെ രക്ഷപ്പെടാൻ സ്ത്രീ ശ്രമിക്കുന്നുണ്ട്.
രാത്രി 9:30 ഓടെ ആരംഭിച്ച ശാരീരിക പീഡനം പുലർച്ചെ ഒരുമണി വരെ തുടർന്നതായാണ് വിവരം. തുടർച്ചയായ മർദ്ദനത്തിന്റെ ഫലമായാണ് ഗീതമ്മ മരണത്തിന് കീഴടങ്ങിയത്. മകൻ സഞ്ജയ്, ആശ, സന്തോഷ് എന്നീ മൂന്ന് പ്രതികളെ പൊലീസ് റിമാൻഡ് ചെയ്തു.