പാറ്റ്ന: ട്രെയിനിലെ ടോയ്‌ലറ്റിൽ നവജാതശിശുവിനെ കണ്ടെത്തിയ സംഭവത്തിൽ കുടുതൽ വിവരങ്ങൾ പുറത്ത്. സ്വന്തം പിതാവിൽ നിന്നും ഗർഭിണിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടേതാണ് കുഞ്ഞെന്ന് പൊലീസ് കണ്ടെത്തി.
ജൂൺ 22ന് യുപിയിലാണ് സംഭവം. ബീഹാറിലെ ഛപ്രയിലാണ് പെൺകുട്ടിയും കുടുംബവും താമസിക്കുന്നത്. പൂർണ്ണ ഗർഭിണിയായ പെൺകുട്ടിയെ കുടുംബം ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ട്രെയിനിൽ വച്ച് പ്രസവിച്ചത്. തുടർന്ന് ശിശുവിനെ കവറിലാക്കി മറ്റൊരു ട്രെയിനിന്റെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച ശേഷം ഇവർ ഇറങ്ങിപോകുകയായിരുന്നു.
യുപി ബറേലിൽ എത്തിയപ്പോൾ ട്രെയിനിലെ കച്ചവടക്കാർ കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പൊക്കിൾക്കൊടി മുറിച്ചിട്ടില്ലാത്ത നിലയിൽ ടോയ്ലറ്റിൽ നിന്ന് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ ഉപേക്ഷിച്ച കവറിൽ നിന്ന് കണ്ടെത്തിയ സിം കാർഡാണ് പ്രതികളിലേക്ക് എത്തിച്ചത്. പെൺകുട്ടിയുടെ ബന്ധുവിന്റേതാണ് സിം കാർഡ്. പിതാവ് മദ്യപിച്ച് വന്ന് ലെെംഗികമായി പീഡിപ്പിക്കാറുണ്ടെന്ന് പെൺകുട്ടി മൊഴി നൽകി. ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലാണ് അമ്മയും കുഞ്ഞുമുള്ളത്.