തിരുവനന്തപുരം : കേരളത്തിലെ സർവകലാശാലകളിൽ എസ്എഫ്ഐയ്‌ക്ക് ഇഷ്ടമില്ലാത്തവർക്ക് വൈസ് ചാൻസലർമാരായിരിക്കാൻ കഴിയില്ലെന്ന നിലപാട് കേരളത്തിൽ വിലപ്പോവില്ലെന്ന് കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങൾ. ആരോഗ്യ സർവകലാശാലയുടെ വൈസ് ചാൻസലറായ പ്രൊഫ. (ഡോ.) മോഹനൻ കുന്നുമ്മലിന് കേരള സർവകലാശാലയുടെ വൈസ് ചാൻസലറുടെ അധിക ചുമതല വഹിക്കാൻ നിയമപരമായ തടസങ്ങളില്ലെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഹൈക്കോടതിക്ക് മുകളിൽ, വൈസ് ചാൻസറുടെ യോഗ്യത ചോദ്യം ചെയ്യാൻ എസ് എഫ് ഐയെ ആരാണ് ചുമതലപ്പെടുത്തിയിരിക്കുന്നത് എന്ന് വ്യക്തമാക്കണമെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞു.
ആഭ്യന്തര വകുപ്പിന്റെയും പൊലീസിന്റെയും ഒത്താശയോടെയാണ് എസ്എഫ്ഐ സർവകലാശാല ആസ്ഥാനം കയ്യേറിയത്. സംസ്ഥാനത്തെമ്പാടും അക്രമം അഴിച്ചുവിട്ട് ഗവർണറെയോ വൈസ് ചാൻസലറയോ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് ഉദ്ദേശ്യമെങ്കിൽ അത് നടപ്പുള്ള കാര്യമല്ല.
എന്ത് ആവശ്യമുന്നയിച്ചാണ് സർവകലാ ആസ്ഥാനം കയ്യേറി സമരം ചെയ്യുന്നതെന്ന് എസ് എഫ് ഐ വ്യക്തമാക്കണം. ഇടത് സിൻഡിക്കേറ്റംഗങ്ങളുടെ തീരുമാനങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിൽ നിന്ന് ചാൻസലറെയും ഹൈക്കോടതിയേയും ജഡ്ജിമാരേയും ഫെയ്സ് ബുക്കിലൂടെ അപമാനിച്ച സിൻഡിക്കേറ്റംഗം ആർ രാജേഷിനെതിരെ നടപടിയെടുക്കുന്നതിൽ നിന്ന് ഹൈക്കോടതിയേയും പിന്തിരിപ്പിക്കാനാണ് എസ് എഫ് ഐ സമരമെങ്കിൽ നിയമവാഴ്ച നിലനിൽക്കുന്നിടത്തോളം അത്തരം സമരങ്ങൾക്ക് വിജയസാധ്യതയില്ലെന്ന് ഓർമപ്പെടുത്തുന്നു- കുറിപ്പിൽ പറയുന്നു.















