ന്യൂഡെല്‍ഹി: ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് സന്തോഷവാര്‍ത്ത. 2024-25 വര്‍ഷത്തെ പിഎഫ് നിക്ഷേപങ്ങളുടെ പലിശ 96.51% അംഗങ്ങളുടെയും അക്കൗണ്ടുകളില്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ക്രെഡിറ്റ് ചെയ്തു. ധനമന്ത്രാലയം ഈ വര്‍ഷത്തെ പിഎഫ് പലിശ നിരക്ക് പ്രഖ്യാപിച്ചതിന് ശേഷം രണ്ട് മാസത്തിനുള്ളില്‍ പണം അംഗങ്ങളുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കാന്‍ ഇപിഎഫ്ഒയ്‌ക്ക് സാധിച്ചു.
ധനമന്ത്രാലയം അംഗീകാരം നല്‍കിയതിന് ശേഷം മാസങ്ങള്‍ എടുത്താണ് പ്രോവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശ അംഗങ്ങളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഓഗസ്റ്റ് മാസത്തില്‍ ആരംഭിച്ച് ഡിസംബറിലാണ് പലിശ നിക്ഷേപിച്ചു തീര്‍ന്നിരുന്നത്. എന്നാല്‍ ഇത്തവണ അതിവേഗം പലിശ നിക്ഷേപിച്ച് കൈയടി വാങ്ങിയിരിക്കുകയാണ് ഇപിഎഫ്ഒ.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ഈ വര്‍ഷം 33.56 കോടി അംഗങ്ങളാണ് ഇപിഎഫ്ഒയ്‌ക്കുള്ളത്. 13.88 ലക്ഷം സ്ഥാപനങ്ങള്‍ അക്കൗണ്ടുകള്‍ അപ്‌ഡേറ്റ് ചെയ്തു. ജൂലൈ എട്ടോടെ 13.86 ലക്ഷം സ്ഥാപനങ്ങളിലെ 32.39 കോടി അംഗങ്ങളുടെ അക്കൗണ്ടുകളില്‍ പലിശ ലഭിച്ചു. ശേഷിക്കുന്ന 3.5% എക്കൗണ്ടുകളിലും ഈ ആഴ്ച തന്നെ പലിശ ക്രെഡിറ്റ് ചെയ്യുമെന്ന് ഇപിഎഫ്ഒ അറിയിച്ചു.
2024-25ല്‍ 8.25% പലിശ നിരക്കാണ് ഇപിഎഫ്ഒ നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നത്. ഏകദേശം 4,000 കോടി രൂപയാണ് പിഎഫ് നിക്ഷേപത്തിന്റെ പലിശയായി അംഗങ്ങളുടെ അക്കൗണ്ടിലേക്ക് ഇത്തവണ ക്രെഡിറ്റ് ചെയ്യുന്നത്. ഇപിഎഫ്ഒ 3.0 ഏതാനും ആഴ്ചകള്‍ക്കകം ലോഞ്ച് ചെയ്യുന്നതോടെ അംഗങ്ങള്‍ക്ക് എടിഎമ്മില്‍ നിന്നും യുപിഐ വഴിയും നിശ്ചിത ശതമാനം നിക്ഷേപ തുക അത്യാവശ്യങ്ങള്‍ക്കായി പിന്‍വലിക്കാനും സാധിക്കും. അടിമുടി മാറാനൊരുങ്ങുകയാണ് ഇപിഎഫ്ഒയെന്ന് സാരം. അതിന്റെ ലക്ഷണങ്ങള്‍ പലിശ ക്രെഡിറ്റ് ചെയ്യുന്നതില്‍ തന്നെ കണ്ടുതുടങ്ങിയിരിക്കുന്നു.