കോയമ്പത്തൂർ: ട്രെയിൻ തട്ടിക്കൊണ്ടുപോകുമെന്ന് പറഞ്ഞ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. ധർമപുരി സ്വദേശിയായ ശബരീശനാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
സേലം-ചെന്നൈ ഏർക്കാട് ട്രെയിൻ തട്ടിക്കൊണ്ടുപോകുമെന്നാണ് പ്രതി ഭീഷണി മുഴക്കിയത്. സേലം റെയിൽവേ പൊലീസിനാണ് ഫോണിൽ ഭീഷണി സന്ദേശം ലഭിച്ചത്. ഉടൻതന്നെ ജോലാർപേട്ട, കാട്ട്പാടി റെയിൽവേ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. മൊബൈൽ ഫോണിന്റെ ലൊക്കേഷൻ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
യുവാവ് കാട്ട്പാടി റെയിൽവേ സ്റ്റേഷനിൽ എത്തിയതും പൊലീസ് പ്രതിയെ കയ്യോടെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.















