ന്യൂഡൽഹി: പ്രതിരോധ മന്ത്രാലയത്തിന്റെ ശക്തി വർദ്ധിപ്പിക്കുന്നതിനായി എക്സ്റ്റൈൻഡഡ് റേഞ്ച് ആന്റി സബ്മറൈൻ റോക്കറ്റ് സിസ്റ്റം പരീക്ഷിച്ച് നാവികസേന. ജൂൺ 23 മുതൽ ജൂലൈ ഏഴ് വരെയാണ് പരീക്ഷണം നടന്നത്. ഐഎൻഎസ് കവരത്തിയിൽ നിന്നുള്ള പരീക്ഷണം വിജയകരമായി പൂർത്തിയായതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.
എക്സ്റ്റൈൻഡഡ് റേഞ്ച് ആന്റി സബ്മറൈൻ റോക്കറ്റ് സിസ്റ്റത്തിന്റെ പരീക്ഷണത്തിൽ പങ്കുവഹിച്ച പ്രതിരോധ ഗവേഷണ വികസന സംഘടനയെയും നാവികസേനയെയും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു. ഈ സംവിധാനം നാവികസേനയുടെ ശക്തി വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഈ റോക്കറ്റ് സംവിധാനം പൂർണമായും തദ്ദേശീയമായാണ് നിർമിച്ചിരിക്കുന്നത്. റോക്കറ്റ് ഉടൻ നാവികസേനയിൽ കമ്മീഷൻ ചെയ്യും. പ്രതിരോധ സാങ്കേതികവിദ്യയിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന സ്വാശ്രയത്വത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഇത്. ഇന്ത്യൻ പ്രതിരോധ മേഖല കൂടുതൽ ശക്തമാക്കാൻ ഈ സംവിധാനം സഹായിക്കുന്നു.
പുനെയിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO) ആർമമെന്റ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (ARDE), ഹൈ എനർജി മെറ്റീരിയൽസ് റിസർച്ച് ലബോറട്ടറി, നേവൽ സയൻസ് ആൻഡ് ടെക്‌നോളജിക്കൽ ലബോറട്ടറി എന്നിവയുമായി സഹകരിച്ചാണ് ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത്.