കൊച്ചി: സംസ്ഥാനത്തെ എൻജിനിയറിങ് കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കീം (കേരള എൻജിനിയറിങ് ആർക്കിടെക്ചർ ആൻഡ് മെഡിക്കൽ എൻട്രൻസ് എക്സാം) പരീക്ഷയുടെ ഫലം ഹൈക്കോടതി റദ്ദാക്കി . പ്രവേശന നടപടികൾ അടുത്ത് തന്നെ തുടങ്ങാനിരിക്കേയാണ് ഹൈക്കോടതി വിധി വന്നിരിക്കുന്നത്. പരീക്ഷയുടെ പ്രോസ്പെക്ടസ് പുറത്തിറക്കിയശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റീസ് ഡി.കെ സിങ്ങിന്‍റേതാണ് ഉത്തരവ്.
എൻജിനിയറിങ് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയുടെ റാങ്ക് നിർണയ രീതി സിബിഎസ്ഇ സിലബസ് വിദാർഥികളെ ദോഷകരമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടുന്ന ഹര്‍ജിയിലാണ് ഹൈക്കോടതി വിധി.
മാർക്ക് ഏകീകരണ സംവിധാനം പുനഃപരിശോധിക്കാൻ നിയമിച്ച നാലംഗ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഫലം പ്രഖ്യാപിച്ചത്. നിലവിൽ ഹയർസെക്കൻഡറിയിലെ ഫിസിക്സ്, കെമിസ്ട്രി, മാത്ത്സ് വിഷയങ്ങളിലെ മാർക്കും കീമിന്റെ സ്കോറും ചേർത്തായിരുന്നു ഏകീകരണം. കേരള സിലബസ് വിദ്യാർഥികൾക്ക് സിബിഎസ്ഇ വിദ്യാർഥികളെക്കാൾ 15 മുതൽ 20 വരെ മാർക്ക് കുറയുന്നതായി പരാതി ഉയർന്നിരുന്നു. തുടർന്നാണ് ഏകീകരണ ഫോർമുല പരിഷ്‌കരിക്കാൻ തീരുമാനിച്ചത്.