ന്യൂഡൽഹി: അഖിലേന്ത്യാ പണിമുടക്ക് കേരളത്തിന് പുറത്ത് പൂർണ പരാജയം. ജനജീവിതത്തെ ഒരു തരത്തിലും ബാധിച്ചില്ല. രാജ്യതലസ്ഥാനമായ ഡൽഹി, വാണിജ്യനഗരമായ മുംബൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ജനജീവിതം സാധാരണ നിലയിലാണ്. പഴയ ചുവപ്പുകോട്ടയായ ബംഗാളിൽ പോലും പണിമുടക്കിനെ ജനം തള്ളികളഞ്ഞു.
ഡൽഹിയിലെ സർക്കാർ- സ്വകാര്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ പതിവ് പോലെ പ്രവർത്തിക്കുന്നുണ്ട്. റോഡുകളിൽ സാധാരണ ഉണ്ടാകാറുള്ള ഗതാഗത കുരുക്കിനും കുറവില്ല. ദേശീയ പണിമുടക്കിനെ കുറിച്ചുള്ള ചോദ്യത്തിന് നഹീ ജാൻതാ എന്നാണ് അവരുടെ പ്രതികരണം.
വാണിജ്യനഗരമായ മുംബൈയിൽ ഫാക്ടറികളും സ്ഥാപനങ്ങളും പതിവ് പൊലെ പ്രവർത്തിക്കുന്നുണ്ട്. അവിടെ കടയടപ്പിക്കലോ ഭീഷണിപ്പെടുത്തി ജനം ജീവിതം തടസ്സപ്പെടുത്തലോ ഇല്ല. സർക്കാർ ഓഫീസുകളിലെ കസേരകളിൽ പതിവ് പോലെ ജീവനക്കാരുണ്ട്. ഇവിടെത്തെ പോലെ ‘സർക്കാർ സ്പോൺസേഡ്’ കുട്ടയവധി ഇല്ലെന്ന് ചുരുക്കം.
പണിമുടക്കിന് പിന്തുണ നൽകിയ ഡിഎംകെ ഭരിക്കുന്ന ചെന്നെെയിലും പണിമുടക്കിന്റെ ലാഞ്ചന പോലും ഇല്ല. നഗരത്തിൽ പലയിടത്തും ഗതാഗത കുരുക്ക് രൂക്ഷമാണെന്നാണ് റിപ്പോർട്ട്.
ബംഗാളിൽ ഏതാനും തൃണമുൽ പ്രവർത്തകർ കടയടപ്പിക്കാൻ ശ്രമിച്ചത് ഒഴിച്ചാൽ ജനജീവിതം സാധാരണ നിലയിലാണ്. ബിഹാറിൽ ആർജെഡി പ്രവർത്തകർ ട്രെയിൻ തടയാൻ ശ്രമം നടത്തിയെങ്കിലും ആർപിഎഫ് ഇവരെ തൂക്കി വാഹനത്തിലിട്ട് കൊണ്ടുപോയതോടെ സമരത്തിന് അറുതിയായി. നിലവിൽ കേരളത്തിൽ മാത്രമാണ് ദേശീയ പണിമുടക്കെന്ന കലാപരിപാടി നടക്കുന്നതെന്ന് വ്യക്തം.