ജയ്പൂർ: വ്യോമസേനയുടെ യുദ്ധവിമാനം തകർന്ന് പൈലറ്റ് ഉൾപ്പെടെ രണ്ട് പേർ മരിച്ചു. രാജസ്ഥാനിലെ ചുരുവിൽ ഉച്ചയ്‌ക്ക് 1.25 ഓടെയാണ് സംഭവം. ബനോഡ ഗ്രാമത്തിന് സമീപത്തെ ഒരു കൃഷിയിടത്തിൽ വച്ചാണ് അപകടമുണ്ടായത്. അപകടകാരണം വ്യക്തമല്ല.
വ്യോമസേനയുടെ ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിലിൽ ജാംനാഗർ എയർഫീൽഡിൽ നിന്ന് പറന്നുയർന്ന വിമാനം നിമിഷങ്ങൾക്കകം തകർന്നുവീണിരുന്നു. സാങ്കേതിക തകരാറ് മൂലമാണ് വിമാനം തകർന്നതെന്ന് പിന്നീട് കണ്ടെത്തി.