ന്യൂഡൽഹി: ഭീകരവാദക്കേസിൽ ബെംഗളൂരു ജയിലിൽ കഴിയുന്ന ലഷ്കർ ഭീകരൻ തടിയന്റവിട നസീറിനെ സഹായിച്ച പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ട് അന്വേഷണസംഘം. ജയിൽ മനോരോഗ വിദഗ്ധനും സിറ്റി ആംഡ് റിസർവ് പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടെ മൂന്ന് പേരാണ് അറസ്റ്റിലായത്. കർണാടകയിലുള്ള ബെംഗളൂരു, കോലാർ ജില്ലകളിലെ അഞ്ച് സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിനെ തുടർന്നാണ് അറസ്റ്റ്.
ബെംഗളൂരു സെൻട്രൽ ജയിലിലെ മനോരോഗ വിദഗ്ധൻ നാഗരാജ്, ബെംഗളൂരുവിലെ സിറ്റി ആംഡ് റിസർവ് (നോർത്ത്) അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എഎസ്ഐ) ചാൻ പാഷ, ഒളിവിൽ കഴിയുന്ന പ്രതി ജുനൈദ് അഹമ്മദിന്റെ അമ്മ അനീസ് ഫാത്തിമ എന്നിവരാണ് അറസ്റ്റിലായത്.
ലഷ്കർ ഭീകരർക്ക് വേണ്ടി ഗൂഢാലോചന നടത്താനും ഭീകരാക്രമണത്തിന് പദ്ധതിയിടാനും പ്രതികൾ ശ്രമിച്ചതായും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. എൻഐഎ റെയ്ഡിൽ സ്ഫോടക വസ്തുക്കളും, മറ്റ് ആയുധങ്ങളും ഉദ്യോഗസ്ഥർ കണ്ടെുത്തു.
ജൂലൈയിൽ ബെംഗളൂരു സിറ്റി പൊലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ച് രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ നിന്നാണ് കേസ് ആരംഭിക്കുന്നത്. അറസ്റ്റിലായ ഡോക്ടർ നാഗരാജ് തടിയന്റവിട നസീർ ഉൾപ്പെടെയുള്ള തടവുകാർക്ക് ജയിലിലേക്ക് മൊബൈൽ ഫോൺ എത്തിച്ചുകൊടുത്തതായി കണ്ടെത്തി. പവിത്ര എന്ന സ്ത്രീയാണ് മൊബൈൽ കൊടുക്കുന്നതിന് ഇയാളെ സഹായിച്ചത്. പവിത്രയുടെ വീട്ടിലും അന്വേഷണസംഘം റെയ്ഡ് നടത്തി. ഈ ഫോൺ ഉപയോഗിച്ച് ഇവർ ലഷ്കർ ഭീകരരുമായി ബന്ധപ്പെട്ടിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്.