ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് ദൃശ്യങ്ങളിലൂടെ മറുപടി നൽകി ഡൽഹി പൊതുമാരമാത്ത് വകുപ്പ് മന്ത്രി പർവേഷ് സാഹിബ് സിംഗ്. ബിജെപി അധികാരത്തിലെത്തിയ ശേഷം ഡൽഹിയിലെ വെള്ളക്കെട്ട് പരിഹരിച്ചുവെന്നത് വ്യക്തമാക്കുന്നതാണ് മന്ത്രി പുറത്തുവിട്ട ദൃശ്യങ്ങൾ. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള ഡൽഹിയിലെ മിന്റോ ബ്രിഡ്ജ് അണ്ടർപാസിന്റെ ഉൾപ്പെടെ വിവിധയിടങ്ങളിലെ ദൃശ്യങ്ങളാണ് മന്ത്രി തന്നെ ചിത്രീകരിച്ചത്.
ഡൽഹിയിൽ വികസനം കൊണ്ടുവന്നില്ലെന്ന് ആരോപിച്ച് മുറവിളികൂട്ടുന്ന എഎപി ഉൾപ്പെടെയുള്ള പ്രതിപക്ഷത്തിന് മറുപടിയാണ് ഈ വീഡിയോ. ഡൽഹിയിൽ കഴിഞ്ഞ ദിവസം പെയ്ത മഴയ്‌ക്ക് പിന്നാലെ റോഡുകളുടെ പരിശോധനകൾക്കായാണ് പർവേഷ് സിംഗ് നേരിട്ടിറങ്ങിയത്. മിന്റോ പാലത്തിന്റെ അടിയിലൂടെ പോകുന്ന വാഹനങ്ങൾ കനത്ത മഴയിലും സുഖപ്രദമായി കടന്നുപോകുന്നുവെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
നേരത്തെ ചെറിയ മഴ വരുമ്പോൾ പോലും നദി പോലെ ഒഴുകുന്ന റോഡുകളുടെ അവസ്ഥയും മാറിയിട്ടുണ്ടെന്ന് മന്ത്രി വീഡിയോയിൽ പരാമർശിക്കുന്നു. കഴിഞ്ഞ ഒരു മണിക്കൂറായി മഴ പെയ്യുന്നു. പക്ഷേ, ഇത്തവണ മിന്റോ ബ്രിഡ്ജിൽ വെള്ളക്കെട്ടില്ല. എല്ലാ മഴക്കാലത്തും ബസ് ഉൾപ്പെടെ വെള്ളത്തിൽ മുങ്ങുന്ന അതേ സ്ഥലത്താണ് താനുള്ളതെന്നും പർവേഷ് സാഹിബ് സിംഗ് വീഡിയോയിൽ പറയുന്നു.
മഴക്കാലത്തിന് മുന്നോടിയായി ഡ്രൈനേജുകൾ വൃത്തിയാക്കുകയും വെള്ളക്കെട്ട് വരാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. നിരവധി മുന്നൊരുക്കങ്ങളാണ് സർക്കാർ ഇക്കുറി ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.