പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഭക്തർക്കായി നവഗ്രഹക്ഷേത്രം ഒരുങ്ങുന്നു. വരുന്ന 13-നാണ് പ്രതിഷ്ഠ നടക്കുന്നത്. നവഗ്രഹക്ഷേത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. 20 പേരുടെ കഠിന പരിശ്രമത്തിലൂടെയാണ് നവഗ്രഹക്ഷേത്രം യാഥാർത്ഥ്യമാവുന്നത്.
ക്ഷേത്രത്തിന്റെ പഞ്ചവർഗത്തറയും പീഠവും കൊത്തിയെടുത്തിരിക്കുന്നത് 12 ടൺ ഭാരമുള്ള നാല് കൃഷ്ണശിലകളിലാണ്. പഞ്ചവർഗത്തറയുടെ നാല് മൂലയ്‌ക്കുള്ള തൂണുകളാണ് നവഗ്രഹക്ഷേത്രത്തിന്റെ പ്രധാന സവിശേഷത. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിലവറകളിൽ ഉപയോഗിക്കുന്ന നാഗബന്ധനപ്പൂട്ടാണ് കൽത്തൂണും പഞ്ചവർഗത്തറയുമായി ബന്ധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നത്.
കൃഷ്ണശിലകൾ എത്തിച്ചത് നാഗർകോവിലിൽ നിന്നാണ്. 600 ക്യൂബിക്ക് അടി നിലമ്പൂർ തേക്കാണ് തടിപ്പണികൾക്കായി ഉപയോഗിക്കുന്നത്. ക്ഷേത്രത്തിന്റെ നാല് ദിക്കിലേക്കുമുള്ള മുഖപ്പുകളിൽ ഋഷിരൂപത്തിൽ നാല് ഗ്രഹങ്ങളെ ചിത്രീകരിച്ചിട്ടുണ്ട്. കിഴക്ക് സൂര്യനെയും പടിഞ്ഞാറ് ശനിയെയും വടക്ക് വ്യാഴവും തെക്ക് ചൊവ്വയുമാണ് പ്രതിനിധീകരിക്കുന്നത്.
28 കഴുക്കോലുകളാണ് നവഗ്രഹക്ഷേത്രത്തിലുള്ളത്. ഇത് 27 നക്ഷത്രങ്ങളെയും മകരവിളക്കിന് തെളിയുന്ന അഭിജിത്ത് നക്ഷത്രത്തെയും അടയാളപ്പെടുത്തുന്നു.