ബെംഗളൂരു: അനുവാദമില്ലാതെ സ്ത്രീകളുടെ ചിത്രങ്ങൾ പകർത്തി പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ബെംഗളൂരു നഗരത്തിലെ ചർച്ച് സ്ട്രീറ്റിലാണ് സംഭവം. യുവതി നൽകിയ പരാതിയിലാണ് 26 കാരനായ ഗുരുദീപ് സിംഗിനെ അറസ്റ്റ് ചെയ്തത്. അനുവാദമില്ലാതെ ഫോട്ടോയും ചിത്രങ്ങളും പകർത്തുകയും അത് സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തതിനെതിരെ ഒരു യുവതി രംഗത്തുവന്നിരുന്നു.
പ്രതി പകർത്തിയ വീഡിയോ പുറത്തുവന്നതോടെ യുവതിക്ക് നേരെ അശ്ലീല കമൻഡുകളും സന്ദേശകളും വന്നിരുന്നു. അപരിചിതരായ ആളുകളാണ് അശ്ലീല സന്ദേശങ്ങൾ അയയ്‌ക്കുന്നതെന്ന് യുവതി പറഞ്ഞു. വീഡിയോ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടും ചെയ്യാത്തതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
യുവാവ് സ്ത്രീകളെ പിന്തുടരുകയും രഹസ്യമായി അവരുടെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്യുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. പ്രതിക്ക് 10,000 ലധികം ഫോളോവേഴ്സുണ്ട്. അതിനാൽ തന്നെ ഒരുപാട് ആളുകളിലേക്ക് ഇത്തരം വീഡിയോകൾ എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും യുവതി ആരോപിച്ചു.