തൃശൂർ: ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടതിന് പിന്നാലെ ആൺസുഹൃത്തിന്റെ വീടിലെത്തി ജീവനൊടുക്കി ട്രാൻസ്ജൻഡർ യുവതി. തിരൂർ സ്വദേശിയായ കമീലയാണ് മരിച്ചത്. തന്റെ മരണത്തിന് ഉത്തരവാദി ആൺസുഹൃത്താണെന്ന് പോസ്റ്റിട്ടതിന് ശേഷമാണ് യുവതി ജീവനൊടുക്കിയത്. യുവാവിന്റെ വീട്ടിലെ കാർ പോർച്ചിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
“എന്റെ മരണത്തിന് ഉത്തരവാദി അവനാണ്. ഞാൻ അവന്റെ അച്ഛനമ്മമാരുടെ അടുത്ത് പോയി മരിക്കാൻ പോവുകയാണ്” – എന്നാണ് കമീല അവസാനമായി കുറിച്ചത്. ഇന്നലെ രാവിലെയാണ് യുവതി പോസ്റ്റിട്ടത്. മരിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ വീഡിയോയും പങ്കുവച്ചിരുന്നു.
വൈലത്തൂർ നായർപ്പടിയിലുള്ള ആൺസുഹൃത്തിന്റെ വീട്ടിലാണ് കമീലയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ലെന്നാണ് വിവരം.