ന്യൂഡൽഹി: കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കി ശശി തരൂർ എം.പി. അടിയന്തരാവസ്ഥയിലെ ക്രൂരകൾ ചൂണ്ടിക്കാട്ടിയും നെഹ്റു കുടുംബത്തിനെ ശക്തമായി വിമർശിച്ചും ശശി തരൂരിന്റെ ലേഖനം.
ഇന്ദിരാ ഗാന്ധിയെയും സഞ്ജയ് ഗാന്ധിയെയും നിശിതമായാണ് തരൂർ വിമർശിക്കുന്നത്. പ്രൊജക്‌ട് സിൻഡിക്കേറ്റിലാണ് തരൂരിന്റെ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദീപിക പത്രത്തിന്റെ എഡിറ്റോറിയലിലും മലയാളത്തിലുള്ള പരിഭാഷ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അടിയന്തരാവസ്ഥ ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ട അദ്ധ്യായമാണെന്ന് തരൂർ പറഞ്ഞു. രാജ്യത്ത് 21 മാസത്തോളം മൗലികാവകാശങ്ങൾ റദ്ദാക്കപ്പട്ടു. മാദ്ധ്യമങ്ങളുടെ വായമൂടിക്കെട്ടി, രാഷ്‌ട്രീയ വിയോജിപ്പുകൾ ക്രൂരമായി അടിച്ചമർത്തപ്പെട്ടു, അടിയന്തരാവസ്ഥയിൽ ഇന്ദിരയുടെ മകൻ നടത്തിയത് നരനായാട്ടാണെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ദിര ഗാന്ധിയുടെ മകൻ സഞ്ജയ് നയിച്ച നിർബന്ധിത വന്ധീകരണ പരിപാടികൾ അതിനുള്ള ഉദാഹരണമാണ്. കർക്കശ നടപടികൾ ഇന്ദിരയുടെ നിർബന്ധപ്രകാരമായിരുന്നു.
വിയോജിപ്പുകളും നിശബ്ദമാക്കിയും, എഴുതാനും സ്വതന്ത്രമായി സംസാരിക്കാനുമുളള മൗലികാവകാശങ്ങൾ വെട്ടിച്ചുരുക്കിയും, ഭരണഘടനാപരമായ അവകാശങ്ങളോടുള്ള അവഗണനയും ഇന്ത്യൻ രാഷ്‌ട്രീയത്തിൽ മായാത്ത മുറിവേൽപ്പിച്ചു. ന്യൂഡൽഹി പോലുള്ള നഗരകേന്ദ്രങ്ങളിൽ ചേരികൾ നിഷ്കരുണം ഇടിച്ച് നിരത്തി ആയിരങ്ങളെ ഭവനരഹിതരാക്കി. അടിയന്തരാവസ്ഥ പീഡിത സമൂഹങ്ങളിൽ അവഗണനയും ഭയവും ജനിപ്പിച്ചു. അടിയന്തരാവസ്ഥയ്‌ക്ക് ശേഷമുള്ള തെരഞ്ഞെടുപ്പിൽ ഇന്ദിരയേയും കൂട്ടരെയും വലിയ ഭൂരിപക്ഷത്തിൽ ഇന്ത്യൻ ജനത പുറത്താക്കി പ്രതിഷേധം പ്രകടിപ്പിച്ചെന്നും ശശി തരൂർ പറഞ്ഞു.
പറഞ്ഞറിക്കാൻ വയ്യാത്ത ക്രൂരകൾ, പാഠങ്ങൾ അനവധി, ഇരുണ്ട അദ്ധ്യായം തുടങ്ങി നിരവധി ഉപശീർഷകങ്ങളോടെയാണ് ലേഖനം എഴുതിയിരിക്കുന്നത്. എഐസിസി പ്രവർത്തകസമിതിയംഗം കൂടിയായ തരൂരിന്റെ ലേഖനം അക്ഷരാർത്ഥത്തിൽ കോൺഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്















