കാസർഗോഡ്: സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്കുള്ള ഭക്ഷണം സൂക്ഷിക്കുന്നത് ശുചിമുറിയിൽ. കാസർഗോഡ് അടൂരിലെ സർക്കാർ ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. കുടുംബശ്രീ അംഗങ്ങൾ ആരംഭിച്ച മാ കെയർ യൂണിറ്റ് സംരംഭമാണ് സ്കൂളിലെ ശുചിമുറിക്കുള്ളിൽ പ്രവർത്തിക്കുന്നത്.
അടുത്തിടെയാണ് സ്കൂളിൽ കുടുംബശ്രീ അംഗങ്ങൾ സംരംഭം ആരംഭിച്ചത്. ഉപയോഗിക്കാത്ത ശുചിമുറിക്ക് സമീപത്താണ് ഇത് പ്രവർത്തിക്കുന്നത്. മുമ്പ് ഉപയോഗിച്ചിരുന്ന വാതിലുകൾ പോലുമില്ലാത്ത ശുചിമുറികൾക്ക് മുമ്പിലാണ് വിദ്യാർത്ഥികൾക്ക് നൽകുന്ന ഭക്ഷണവസ്തുക്കൾ സൂക്ഷിക്കുന്നത്. ശുചിമുറി കെട്ടിടങ്ങൾക്കിടയിൽ ടാർപോളിനും തറയിൽ കാർപെറ്റും വിരിച്ചാണ് പ്രവർത്തനം.
ഭക്ഷണം വാങ്ങി കഴിച്ച വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായും ആരോപണമുണ്ട്. ഉച്ചഭക്ഷണം ഉണ്ടാക്കുന്ന സ്ഥലത്ത് സ്ഥലമില്ലാത്തതിനിലാണ് ശുചിമുറിക്ക് സമീപം പ്രവർത്തിക്കുന്നതെന്നാണ് അധികൃതരുടെ വാദം.
കുട്ടികൾ പുറത്തുപോയി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു സംരംഭം രൂപീകരിച്ചത്. സാൻഡ് വിച്ചും മറ്റും കുറഞ്ഞ വിലയ്‌ക്ക് ഇവിടെ ലഭ്യമാകും. എന്നാൽ സംരംഭത്തിന്റെ ലക്ഷ്യവുമായി യാതൊരു ബന്ധവുമില്ലാത്ത പ്രവർത്തിയാണ് സ്കൂളിൽ നടക്കുന്നത്.