ന്യൂഡൽഹി: ബെറ്റിംഗ് ആപ്പുകളുടെ പരസ്യത്തിൽ അഭിനയിച്ചതിന് നടന്മാർക്കെതിരെ കേസ്. വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബതി, പ്രകാശ് രാജ് എന്നിവരുൾപ്പെടെ 29 താരങ്ങൾക്കെതിരെയാണ് കേസെടുത്തത്. ഇഡി അന്വേഷണത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ട് ടെലിവിഷൻ അവതാരകരും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. താരങ്ങൾക്ക് ഉടൻ സമൻസ് അയയ്‌ക്കുമെന്ന് ഇഡി അറിയിച്ചു.
ബെറ്റിംങ് ആപ്പുകളെ പ്രമോട്ട് ചെയ്ത പ്രമുഖ സോഷ്യൽമീഡിയ ഇൻഫ്ലുവൻസർമാർക്കെതിരെയും കേസെടുത്തു. ഇഡി അന്വേഷണം നടത്തിവരികയാണ്. നടിമാരായ നിധി അഗർവാൾ, മഞ്ചു ലക്ഷ്മി, ശ്രീമുഖി, ഹർഷ സായ് എന്നിവർക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തു.
കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതികരിച്ച് താരങ്ങളും രംഗത്തെത്തി. ബെറ്റിംഗ് ആപ്പ് കമ്പനിയുമായുള്ള കരാർ ഒരു വർഷത്തേക്കാണെന്നും അതിന്റെ കാലാവധി കഴിഞ്ഞിട്ട് വർഷങ്ങളായെന്നും പ്രകാശ് രാജും റാണ ഗഗ്ഗുബട്ടിയും പറഞ്ഞു.
ബെറ്റിംഗ് ആപ്പുകളുടെ പ്രമോഷന്റെ മറവിൽ വലിയ തോതിൽ കള്ളപ്പണം വെളുപ്പിക്കലും നടന്നിട്ടുണ്ടാകാമെന്ന് ഇഡി സംശയിക്കുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. അതേസമയം, റമ്മി ബെറ്റിംഗ് ആപ്പല്ല, ഗെയിമിംഗ് ആപ്പാണെന്നും സുപ്രീം കോടതി പോലും അത് അംഗീകരിച്ചിട്ടുണ്ടെന്നും കമ്പനി പറഞ്ഞു.