ഷിംല: ഹിമാചൽപ്രദേശിൽ ശക്തമായ മഴയെയും വെള്ളക്കെട്ടിനെയും തുടർന്ന് മരിച്ചവരുടെ എണ്ണം 85 ആയി. വരും ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 34 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. 129 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാണ്ഡി ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. നിരവധി വീടുകൾ പൂർണമായും ഭാഗീകമായും തകർന്നു. ദുരിതബാധിതാ പ്രദേശത്ത് നിന്നും ആളുകളെ മാറ്റിപാർപ്പിച്ചു. ഹാമിർപൂർ, മാണ്ഡി, സോളൻ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വിവിധയിടങ്ങളിൽ രക്ഷാപ്രവർത്തനം നടന്നുവരികയാണ്. എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ സ്ഥലത്തുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് അതിശക്തമായ മഴയാണ് ലഭിക്കുന്നത്. റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമായി. ഗതാഗതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്.
രാജ്യത്തെ പല സംസ്ഥാനങ്ങളിലും കനത്ത മഴയാണ് ലഭിക്കുന്നത്. മദ്ധ്യപ്രദേശ്, ഹരിയാന, ചണ്ഡിഗഢ്, ഹിമാചൽപ്രദേശ്, ജമ്മുകശ്മീർ, പഞ്ചാബ് എന്നിവിടങ്ങളിലും അതിശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം മാണ്ഡി എംപി കങ്കണ റണാവത്ത് ദുരിതബാധിതമേഖല സന്ദർശിച്ചിരുന്നു.















