അമരാവതി: ഹൈന്ദവ പുരാണങ്ങളെ കുറിച്ച് വിവരക്കുന്ന പുസ്തകങ്ങൾ പുറത്തിറക്കി തിരുമല തിരുപ്പതി ദേവസ്ഥാനം. മതപരിവർത്തനം തടയുന്നതിനും സനാതന ധർമത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും വേണ്ടി ‘പുസ്തക പ്രസാദം’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ടിടിഡി ചെയർപേഴ്‌സൺ ബി ആർ നായിഡുവിന്റെ നേതൃത്വത്തിലാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ഇതിലൂടെ ഭക്തർക്ക് പുരാണകൃതികളും സനാതനധർമ മഹത്വവും ഉൾപ്പെടുന്ന വിവിധ പുസ്തകങ്ങൾ നൽകും.
വെങ്കിടേശ്വര ക്ഷേത്രം ദർശിക്കാൻ വരുന്നവർക്ക് ലഡ്ഡുവിന് പുറമേ പ്രസാദമായി ഇനി പുസ്തകവും ലഭിക്കും. ആന്ധ്രാപ്രദേശിലെ വിവിധ പ്രദേശങ്ങളിൽ ഈ പുസ്തകങ്ങൾ സൗജന്യമായി വിതരണം ചെയ്യാനും പരിപാടി ലക്ഷ്യമിടുന്നുണ്ട്. തിരുമലയിലെ വൈകുണ്ഠം ക്യൂ കോംപ്ലക്സിലെ കമ്പാർട്ട്മെന്റുകളിൽ ദർശനത്തിനായി കാത്തിരിക്കുന്ന ഭക്തർക്കും പുസ്തകങ്ങൾ നൽകും.
ശ്രീ വെങ്കിടേശ്വര വൈഭവം, വിഷ്ണു സഹസ്രനാമം, വെങ്കിടേശ്വര സുപ്രഭാതം, ഭജ ഗോവിന്ദം, ലളിതാ സഹസ്രനാമം, ശിവ സ്തോത്രം, ഭഗവദ്ഗീത തുടങ്ങിയവയും പുസ്തക പ്രസാദത്തിൽ ഉൾപ്പെടുന്നു. തെലുങ്കിലാണ് ഇവ അച്ചടിക്കുന്നത്. പിന്നീട് മറ്റ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യുമെന്നാണ് വിവരം.