തിരുവനന്തപുരം: പൊതുമരാമത്ത് റോഡിൽ അലക്ഷ്യമായി ഇറക്കിയിട്ടിരുന്ന മെറ്റലിൽ സ്കൂട്ടർ തെന്നിവീണ് യാത്രക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ തൊളിക്കോട് ഗ്രാമപഞ്ചായത്ത് 22,500 രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. രണ്ടുമാസത്തിനുള്ളിൽ നഷ്ടപരിഹാര തുകയായ 22,500 രൂപ നൽകിയില്ലെങ്കിൽ 8% പലിശ നൽകേണ്ടി വരുമെന്ന് ഉത്തരവിൽ പറഞ്ഞു. തുക നൽകിയ ശേഷം തൊളിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നടപടി റിപ്പോർട്ട് സമർപ്പിക്കണം.
2023 മേയ് 9 നാണ് അപകടമുണ്ടായത്. മൈലാമൂട് ട്രാൻസ്ഫോർമറിന് സമീപം റോഡിലുണ്ടായിരുന്ന മെറ്റലിലാണ് നെടുമങ്ങാട് സ്വദേശിനി സ്മിതാ ഭാസ്കറിന്റെ സ്കൂട്ടർ തെന്നി വീണത്. ഹർജിക്കാരിക്ക് സാരമായി പരിക്കേറ്റതായി പരാതിയിൽ പറയുന്നു. തുടർന്ന് കൊച്ചിയിൽ നേവി ഉദ്യോഗസ്ഥനായ ഭർത്താവിന് അവധിയെടുത്ത് വന്ന് ഭാര്യയെ ശുശ്രൂഷിക്കേണ്ടതായി വന്നുവെന്നും പരാതിയിൽ പറയുന്നു. ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതിക്കാരി കമ്മീഷനെ സമീപിച്ചത്.
കമ്മീഷന്റെ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. പഞ്ചായത്ത് റോഡിൽ പണി ചെയ്യാനുള്ള മെറ്റൽ അനുവാദമില്ലാതെ പൊതുമരാമത്ത് റോഡിൽ ഇറക്കിയിട്ടത് നിയമവിരുദ്ധമാണെന്ന് കമ്മീഷൻ കണ്ടെത്തി. മെറ്റൽ ഇറക്കാൻ പഞ്ചായത്തിന്റെ അനുമതി കരാറുകാരൻ വാങ്ങിയില്ലെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ വാദം കമ്മീഷൻ അംഗീകരിച്ചില്ല.