പണത്തിന് വേണ്ടി ആറു വയസുകാരിയായ മകളെ വിറ്റ് പിതാവ്. സതേൺ അഫ്ഗാനിലാണ് സംഭവം. പെൺകുട്ടിയെ വാങ്ങി 45-കാരൻ അവളെ വിവാഹം ചെയ്തു. Amu.tv യാണ് ഇക്കാര്യം പുറത്തുവിട്ടത്. മർജ ജില്ലയിലാണ് സംഭവം. രണ്ടു ഭാര്യമാരുള്ള 45-കാരനാണ് കുട്ടിയെ വിവാഹം ചെയ്തത്. അതേസമയം പിതാവിനെയോ 45-കാരനെയോ അറസ്റ്റ് ചെയ്യാതെ പ്രാദേശിക താലിബാൻ ഭരണ കൂടം പറഞ്ഞത് 9 വയസ് തികഞ്ഞതിന് ശേഷം പെൺകുട്ടിയെ ഭർത്താവിന്റെ വീട്ടിലേക്ക് കൊണ്ടുപോയാൽ മതിയെന്നാണ്.
പെൺകുട്ടിയുടെ ശാരീരിക ഘടന, വിദ്യാഭ്യാസം, ആരോഗ്യം, പ്രത്യക്ഷമായ മൂല്യം എന്നിവ അടിസ്ഥാനമാക്കിയാണ് വില നിശ്ചയിക്കുന്നത്. അതേസമയം സംഭവം സോഷ്യൽ മീഡിയയിൽ വലിയ വിവാദത്തിന് തിരികൊളുത്തി. വിവാഹ ചടങ്ങുകളുടെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നതോടെയാണ് വിവാദം അണപൊട്ടിയത്. മനുഷ്യാവകാശ പ്രവർത്തകർ സംഭവത്തെ അപലപിക്കുകയും വിമർശിക്കുകയും ചെയ്തു.
2021-ൽ താലിബാൻ അഫ്ഗാൻ ഭാരണം പിടിച്ചടക്കിയതിന് ശേഷം ശൈശവ വിവാഹങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനയുണ്ട്. കടുത്ത ദാരിദ്രം, സ്ത്രീകൾക്കും പെൺകുട്ടികൾക്കുള്ള കടുത്ത നിയന്ത്രണങ്ങൾ, പ്രത്യേകിച്ച് വിദ്യാഭ്യാസ വിലക്ക് എന്നിവയാണ് ഇതിലേക്ക് നയിക്കപ്പെടുന്നത്. നിലവിൽ അഫ്ഗാനിസ്ഥാനിൽ വിവാഹത്തിനുള്ള കുറഞ്ഞ പ്രായം നിശ്ചയിച്ചിട്ടില്ല.















