ന്യൂഡൽഹി: ബഹിരാകാശയാത്രികരായ ശുഭാംഷുവിന്റെയും സംഘത്തിന്റെയും മടങ്ങിവരവ് ഉടൻ ആരംഭിക്കുമെന്ന് നാസ. ജൂലൈ 14-നാണ് മടക്കയാത്ര ആരംഭിക്കുന്നത്. അന്നേ ദിവസമാണ് അൺഡോക്ക് ചെയ്യുന്നതെന്നും ആക്സിയം -4 ദൗത്യം നിരീക്ഷിച്ചുവരികയാണെന്നും നാസ അറിയിച്ചു. നാസ കൊമേഴ്സ്യൽ ക്രൂ പ്രോഗ്രാം മാനേജറായ സ്റ്റീവ് സ്റ്റീച്ചിന്റെ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
14 ദിവസത്തെ ദൗത്യത്തിനായാണ് ശുഭാംഷു ശുക്ല അടങ്ങുന്ന നാലംഗസംഘം ബഹിരാകാശനിലയത്തിലേക്ക് യാത്ര തിരിച്ചത്. ഈ ദിവസങ്ങൾ കൊണ്ട് ഏഴ് പരീക്ഷണങ്ങൾ നടത്തി. ഇന്ത്യയിലെ ശാസ്ത്രജ്ഞരുടെ പരീക്ഷണങ്ങൾക്ക് പങ്കാളിയാകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ശുഭാംഷു പറഞ്ഞു. ഈ ദൗത്യം ഇന്ത്യൻ ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും ശാസ്ത്രലോകത്ത് ഊന്നൽ നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അൺഡോക്ക് കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം പസഫിക് സമുദ്രത്തിലെ കാലിഫോർണിയ തീരത്തിടനുത്ത് ലാൻഡ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബഹിരാകാശനിലയത്തിൽ നിന്നുള്ള ദൃശ്യങ്ങളും വിശേഷങ്ങളും ശുഭാംഷു മിശ്ര നേരത്തെ പങ്കുവച്ചിരുന്നു. ഒരു കൊച്ചുകുട്ടിയെ പോലെ ബഹിരാകാശ നിലയത്തിൽ താൻ നിൽക്കുകയാണെന്ന ശുഭാംഷുവിന്റെ പോസ്റ്റ് ഏറെ ശ്രദ്ധേയമായിരുന്നു.
ഐഎസ്എസ് സന്ദർശിച്ച ആദ്യ ഇന്ത്യക്കാരനും വിംഗ് കമാൻഡർ രാകേഷ് ശർമയ്‌ക്ക് ശേഷം ബഹിരാകാശത്തേക്ക് പോയ രണ്ടാമത്തെ ഇന്ത്യൻ ബഹിരാകാശ യാത്രികനുമാണ് ശുഭാംഷു ശുക്ല.