ന്യൂഡൽഹി: നടനും അവതാരകനുമായ കപിൽ ശർമയുടെ കഫേയ്ക്ക് നേരെ വെടിവയ്പ്. കാനഡയിലെ കഫേയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ആക്രമണത്തിന് പിന്നിൽ ഖാലിസ്ഥാൻ ഭീകരരെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
വെടിവയ്പ്പിൽ കഫേയുടെ ജനാലകൾ തകർന്നു. ജനാലകളിൽ വെടിയുണ്ട തുളച്ചുകയറിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. 12 തവണ വെടിവയ്പ് നടന്നതായാണ് വിവരം. ഖാലിസ്ഥാൻ ഭീകരർക്കെതിരെ കപിൽ ശർമ നടത്തിയ ചില പ്രസ്ഥാവനകളാകാം ആക്രമണത്തിന് കാരണമെന്നാണ് സൂചന. പൊലീസ് എത്തി പ്രാഥമിക അന്വേഷണം നടത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടക്കുകയാണ്.
രുചികരമായ ചായയിലൂടെയും സൗഹൃദ ഇടപെടലിലൂടെയും കഫേയിൽ വരുന്നവരെ സന്തോഷിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഇത് ആരംഭിച്ചതെന്നും ഈ ആക്രമണം ഹൃദയഭേദകമാണെന്നും കപിൽ ശർമ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കപിൽ ശർമയുടെ ആദ്യ വ്യവസായ സംരംഭമാണ് കാനഡ കാപ്സ് കഫേ. കൊളംബിയയിലെ സറേയിലാണ് കഫേ സ്ഥിതിചെയ്യുന്നത്.















