എറണാകുളം: സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തിയ ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന്റെ പുതിയ പതിപ്പ് റീസെൻസറിംഗിന് സമർപ്പിക്കും. കഴിഞ്ഞ ദിവസം തന്നെ സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ചുള്ള റീ എഡിറ്റിംഗ് പൂർത്തിയായി. സെൻസർ ബോർഡ് നിർദേശിച്ചവയിൽ വരുത്തിയാൽ പ്രദർശനാനുമതി നൽകാമെന്ന് സെൻസർ ബോർഡ് കോടതിയെ അറിയിച്ചിട്ടുണ്ട്.
സിനിമയുടെ പ്രദർശന വിവാദത്തിൽ വിഷയം സമവായത്തിലൂടെ പരിഹരിക്കാമെന്ന് സെൻസർ ബോർഡ് നേരത്തെ വ്യക്തമാക്കി. സിനിമയിൽ ജാനകിയെന്ന പേര് മാറ്റണ്ടെന്നും, 96 കട്ട് ആണ് ആദ്യം നിര്‍ദ്ദേശിച്ചതെന്നും എന്നാല്‍ അത്രയും മാറ്റങ്ങള്‍ വരുത്തേണ്ടതില്ലെന്നും സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയിൽ വ്യക്തമാക്കി.
ചിത്രത്തിന്റെ പേര് മാറ്റാൻ തയാറാണെന്ന് നിർമാതാക്കൾ അറിയിച്ചു. പേരിനൊപ്പം ഇനീഷ്യൽ കൂടി ചേർത്ത് ജാനകി വി എന്നാക്കി മാറ്റാമെന്നും നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചു. കഥാപാത്രത്തിന്റെ പേരിനൊപ്പം ഇനീഷ്യൽ ചേർക്കുന്നതും സിനിമയുടെ അവസാന ഭാഗത്തെ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന് പരാമർശിക്കുന്നത് ഒഴിവാക്കണമെന്നും സെൻസർ ബോർഡ് ആവശ്യപ്പെട്ടു.
കോടതിയിലെ വിസ്താര സീനില്‍ ജാനകിയെന്ന പേര് മ്യൂട്ട് ചെയ്യണം, ജാനകിയെന്ന പേര് ഉപയോഗിക്കുന്ന സബ്‌ടൈറ്റിലിലും മാറ്റം വരുത്തണം, ജാനകി വിദ്യാധരന്‍ എന്ന പേരിന് പകരം വി ജാനകി എന്നോ ജാനകി വി എന്നോ ഉപയോഗിക്കാമെന്നുമാണ് സെൻസർ ബോർഡ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്.