ന്യൂഡൽഹി: വീഡിയോ സഹിതമുള്ള തെളിവുകൾ ഉണ്ടായിട്ടും പിതാവിന്റെ കൊലയാളികൾ സ്വതന്ത്രരായി വിഹരിക്കുകയാണെന്ന് ഇസ്ലാമിസ്റ്റുകൾ ക്രൂരമായി അരിഞ്ഞ് വീഴ്‌ത്തിയ കനയ്യ ലാലിന്റെ മകൻ യാഷ് സാഹു. സിനിമയിലൂടെ സത്യം പുറംലോകം അറിയുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും യാഷ് സാഹു പറഞ്ഞു.
കനയ്യ ലാലിന്റെ കൊലപാതകത്തെ ആസ്പദമാക്കിയ ‘ഉദയ്പൂർ ഫയൽസ്: കനയ്യ ലാൽ ടെയ്‌ലർ മർഡറി’ന്റെ പ്രദർശനം കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ജാമിയത്ത് ഉലമ-ഇ-ഹിന്ദ് സമർപ്പിച്ച ഹർജിയിലാണ് ഇടക്കാല ഉത്തരവ്. ഇതിന് പിന്നാലെയായിരുന്നു യാഷ് സാഹുവിന്റെ പ്രതികരണം.
വിധിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുമെന്ന് നിർമ്മാതാവ് അമിത് ജാനി പറഞ്ഞു. “ഞങ്ങൾ എതിർ കക്ഷികളുടെ അഭിഭാഷകൻ കപിൽ സിബലിനു വേണ്ടി സിനിമ പ്രദർശിപ്പിച്ചിരുന്നു. ചിത്രം കാണുന്നതിന് മുമ്പ് ഫീസ് വാങ്ങിയതിനാൽ സിബലിന് ചിത്രത്തെ എതിർക്കേണ്ടിവന്നു,” അമിത് ജാനി വാർത്ത എജൻസിയോട് പറഞ്ഞു.
രാജസ്ഥാനിലെ ഉദയ്പൂരിൽ തയ്യൽക്കാരനായിരുന്ന കനയ്യ ലാലിനെ 2022-ലാണ് മതതീവ്രവാദികൾ കൊലപ്പെടുത്തിയത്. കൊലപാതകത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ രണ്ട് പേർ പട്ടാപ്പകൽ കനയ്യ ലാലിനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. സംഭവം ദേശീയതലത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.















