മുംബൈ: ബോളിവുഡ് നടി ആലിയ ഭട്ടിനെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ മുൻ പേഴ്സണൽ അസിസ്റ്റന്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണസംഘത്തിന്. ആലിയയുടെ പ്രൊഡക്ഷൻ ഹൗസായ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ യുഎസ് പൗരനായ ഒരാൾക്ക് ചോർത്തികൊടുത്തതായി വിവരം ലഭിച്ചു. ആലിയയിൽ നിന്നും തട്ടിയെടുത്ത പണം വിവിധ ആളുകളുടെയും കമ്പനികളുടെയും സ്വകാര്യ അക്കൗണ്ടുകളിലേക്ക് അയച്ചിട്ടുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തി.
2021 മുതൽ 24 വരെ ആലിയ ഭട്ടിന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്നു പ്രതി വേദിക ഷെട്ടി. യുഎസിലെ ശിവസായ് തേജ എന്ന വ്യക്തിക്കാണ് ആലിയയുടെ പ്രൊഡക്ഷൻ കമ്പനിയെ കുറിച്ചുള്ള വിവരങ്ങൾ കൈമാറിയത്. പൊലീസിന്റെ വിശദ അന്വേഷണത്തിലാണ് തെളിവുസഹിതം കണ്ടെത്തിയത്. പ്രൊഡക്ഷൻ ഹൗസുമായി ബന്ധപ്പെട്ട നിരവധി രഹസ്യവിവരങ്ങൾ യുവതി വാട്സ്ആപ്പ് വഴി അയച്ചിട്ടുണ്ട്.
തേജയെയും വേദിക ഷെട്ടിയെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണ്. കമ്പനിയുടെ പണം ഉപയോഗിച്ച് 2.94 ലക്ഷം രൂപയുടെ ഐഫോണുകളും ഐപാഡുകളും യുവതി വാങ്ങിയതായും കണ്ടെത്തി.
വ്യാജബില്ലുകൾ കാണിച്ചാണ് ആലിയയിൽ നിന്നും പ്രതി പണം തട്ടിയെടുത്തത്. യാത്ര, മീറ്റിംഗുകൾ എന്നതിന്റെയൊക്കെ ചെലവുകൾ എന്നാണ് പ്രതി ആലിയയോട് പറഞ്ഞിരുന്നത്. എന്നാൽ സംശയം തോന്നിയതോടെയാണ് വിശദമായി പരിശോധിക്കാൻ ആലിയ തയാറായത്. ഇതാേടെ വൻ സാമ്പത്തിക തട്ടിപ്പ് പുറത്തുവരികയായിരുന്നു.