കണ്ണൂർ: കോടിയേരിയിൽ ബിജെപി പ്രവർത്തകരായ രാംദാസിനെയും കുടുംബത്തെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സിപിഎമ്മുകാരായ ആറ് പേർക്ക് എട്ടുവർഷം കഠിന തടവ്.
വയലളം നരിക്കോട് ഹൗസിൽ വി.പി. അരുൺദാസ് (38), വയലളം കുമ്മൽ കോട്ടായി ഹൗസിൽ സഗിത്ത് എന്ന ഷിത്ത് (37), വയലളം പുറക്കണ്ടി ഹൗസിൽ സുർജിത്ത് (37), പാർസിക്കുന്ന് കുന്നുമ്മൽ രഞ്ജിത്ത് (43), വയലളം പുലപ്പാടിയിൽ അഖിലേഷ് (44), വയലളം പെരിങ്കളത്ത് ഹൗസിൽ പെരിങ്കത്ത് ലിനേഷ് (42) എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. ഓരോ പ്രതികളും 80,000 രൂപ വീതം പിഴയും അടയ്‌ക്കണം. പിഴത്തുകയിൽ 4 ലക്ഷം രൂപ രാംദാസിന്റെ കുടുംബത്തിന് നൽകണം. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി-3 ആണ് വിധി പറഞ്ഞത്.
2007 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാട്ടിൽവിട്ടീൽ രാംദാസ്, ഭാര്യ ഉഷ, മകൻ ഷിജിൽ എന്നിവരെ അതിക്രമിച്ച് കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. കോടിയേരി കുറ്റിമേലാണ് രാംദാസും കുടുബവും താമസിച്ചിരുന്നത്.
രാത്രി ഉറങ്ങിക്കിടന്ന സമയത്താണ് സിപിഎം ക്രിമിനൽ സംഘം അക്രമം അഴിച്ചു വിട്ടത്. ഗുരുതരമായി പരിക്കേറ്റ രാംദാസും ഭാര്യയും മകനും മാസങ്ങളോളം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വാഹനങ്ങളും അക്രമി സംഘം അഗ്നിക്കിരയാക്കിയിരുന്നു. കേസിൽ രണ്ടാം പ്രതി ഞാറ്റിയേല സജീവൻ വിചാരണ വേളയിൽ മരണപ്പെട്ടിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. രൂപേഷ്, അഡ്വ. പി. പ്രേമരാജൻ എന്നിവർ ഹാജരായി.















