മുംബൈ: അതിവേഗം വളരുന്ന ഇന്ത്യന്‍ ഇവി വാഹന വിപണിയില്‍ അരങ്ങേറ്റം കുറിക്കാനുള്ള ടെസ്‌ലയുടെ ദീര്‍ഘകാലത്തെ കാത്തിരിപ്പ് അവസാനിക്കുന്നു. ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഇവി കമ്പനി ജൂലൈ 15 ചൊവ്വാഴ്ച മുംബൈയില്‍ തങ്ങളുടെ ആദ്യ ഷോറൂം തുറക്കും. ഓഗസ്റ്റ് മാസം മുതല്‍ കാറുകളുടെ ഡെലിവറികള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
ടെസ്‌ലയുടെ മുംബൈ ഷോറൂം തുറക്കുന്നതോടെ ആളുകള്‍ക്ക് ഇവിടം സന്ദര്‍ശിക്കാനും വിലകള്‍ പരിശോധിക്കാനും വ്യത്യസ്ത മോഡലുകള്‍ താരതമ്യം ചെയ്യാനും സാധിക്കും. ഉപഭോക്താക്കള്‍ക്ക് അടുത്ത ആഴ്ച മുതല്‍ ടെസ്‌ല കാറുകള്‍ ഓര്‍ഡര്‍ ചെയ്യാനാവും. മുംബൈ ഷോറൂമിന്റെ ആദ്യ ആഴ്ച വിഐപികള്‍ക്കും ബിസിനസ് പങ്കാളികള്‍ക്കുമായി റിസര്‍വ് ചെയ്യപ്പെടും. പൊതുജനങ്ങള്‍ക്ക് അടുത്ത ആഴ്ച മുതല്‍ ഷോറൂം സന്ദര്‍ശിക്കാന്‍ കഴിയും.
ജനപ്രിയ കാറുകളായ മോഡല്‍ വൈ എസ്‌യുവികളാണ് ആദ്യ ഘട്ടത്തില്‍ ടെസ്‌ല ഇന്ത്യയില്‍ വില്‍ക്കുക. ചൈനയിലെ ഫാക്ടറിയില്‍ നിര്‍മിച്ച കാറുകള്‍ ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ട്. ഓഗസ്റ്റ് അവസാനത്തോടെ ഡെലിവറി ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടെസ്‌ലയുടെ രണ്ടാമത്തെ ഷോറൂം വൈകാതെ തന്നെ ന്യൂഡല്‍ഹിയില്‍ തുറക്കും.
മറ്റ് വിപണികളില്‍ വില്‍പ്പന കുറയവെയാണ് പ്രതീക്ഷയോടെ മസ്‌ക് ലോകത്തെ മൂന്നാമത്തെ വലിയ കാര്‍ വിപണിയായ ഇന്ത്യയിലേക്ക് എത്തുന്നത്. ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളോടുള്ള താല്‍പര്യം വര്‍ദ്ധിക്കുന്നുണ്ട്. എന്നാല്‍ ഉയര്‍ന്ന ഇറക്കുമതി തീരുവകള്‍ ടെസ്‌ലയെ വിലയുടെ കാര്യത്തില്‍ അനാകര്‍ഷകമാക്കുമെന്ന ആശങ്കയുണ്ട്. 40,000 ഡോളറോളം വിലയുള്ള മോഡല്‍ വൈ കാറുകള്‍ക്ക് ഇന്ത്യ 70% ഇറക്കുമതി തീരുവ ചുമത്തും. കാറിന്റെ യുഎസ് വിലയായ 46,630 ഡോളറിനേക്കാള്‍ കൂടുതലായിരിക്കും ഇന്ത്യയിലെ വിലയെന്നാണ് കണക്കാക്കുന്നത്.















