അവിഹിത ബന്ധം അച്ഛനെ അറിയിക്കുമെന്ന് പറഞ്ഞ 11-കാരനെ കാമുകനൊപ്പം ചേർന്ന് മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത അമ്മയ്‌ക്ക് തടവ് ശിക്ഷ. പത്തനംതിട്ട മല്ലപ്പള്ളി കോട്ടാങ്ങലിലാണ് സംഭവം. 45-കാരിയെയും 36-കാരനായ കാമുകനെയുമാണ് ശിക്ഷിച്ചത്.
2023 ഏപ്രിൽ 6-നും 9-നും ഇടയിലായിരുന്നു സംഭവം. 2023-ൽ പെരുമ്പെട്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പത്തനംതിട്ട അതിവേഗ സ്പെഷൽ കോടതി വിധി പറഞ്ഞത്. മുഖ്യ പ്രതിയായ അമ്മയ്‌ക്ക് മൂന്നു മാസം കഠിന തടവും 5000 രൂപയുമാണ് പിഴ. കാമുകന് മൂന്നു മാസം കഠിന തടവും 1000 രൂപയുമാണ് പിഴ.
അച്ഛനില്ലാത്ത സമയം അമ്മയും കാമുകനും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുട്ടി കണ്ടു. ഇത് അച്ഛനെ അറിയിക്കുമെന്ന് പറഞ്ഞതോടെയാണ് കുട്ടിയെ മർദ്ദിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും.
കാമുകൻ കുട്ടിയുടെ കഴുത്തിന് കുത്തിപ്പിടിച്ചു. പിടിവിട്ട് ഓടിയ കുട്ടിയെ പിന്നാലെ ചെന്ന് ഇയാൾ മർദ്ദിക്കുകയായിരുന്നു. പിതാവിനെ അറിയിച്ചാൽ ഫാനിൽ കെട്ടിത്തൂക്കുമെന്നായിരുന്നു അമ്മയുടെ ഭീഷണി. 2023-ൽ പെരുമ്പെട്ടി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.