ഇടുക്കി: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിലൂടെ മലയാളി വീട്ടമ്മയ്‌ക്ക് മോചനം. ഏജൻസിയുടെ ചതിയിൽ പെട്ട് കുവൈത്തിൽ തടവിലായ ഇടുക്കി ബാലൻ സിറ്റി സ്വദേശിനി ജാസ്മിനാണ് നാട്ടിൽ തിരിച്ചെത്തിയത്. സുഹൃത്ത് ലിഷാ ജോസഫാണ് ജാസ്മിന്റെ ദുരിതം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
മാർച്ച് 24 നാണ് വീട്ടുജോലിക്കായി ജാസ്മിൻ കുവൈറ്റിലേക്ക് പോയത്. ഭർത്താവിന്റെ മരണത്തെ തുടർന്നുണ്ടായ 12 ലക്ഷം രൂപയുടെ കടബാധ്യത തീർക്കുകയായിരുന്നു ലക്ഷ്യം. കണ്ണൂർ സ്വദേശിയായ മൻസൂറാണ് വിസ നൽകിയത്.
എന്നാൽ ജാസ്മിനെ കാത്തിരുന്നത് ദുരിതങ്ങളായിരുന്നു. കഠിനമായി ജോലി ചെയ്യിപ്പിച്ച വീട്ടുടമസ്ഥൻ ഭക്ഷണം പോലും കഴിക്കാൻ നൽകിയില്ല. കൂടാതെ കടുത്ത മാനസിക പീഡനവും. ഇതെോടെ വീട്ടിൽ നിന്നും മാറ്റണമെന്ന് ജാസ്മിൻ എജന്റിനോട് നിരന്തരം ആവശ്യപ്പെട്ടു. ഇതോടെ ഏജന്റ് ആ വീട്ടിൽ നിന്നും ജൂൺ 12 ന് എജൻസിയുടെ ഓഫീസിൽ എത്തിച്ചു. ഇവിടെ 17 ദിവസത്തോളം ജാസ്മിനെ പൂട്ടിയിട്ടു. ഏഴാം നിലയിലെ ഇടു ങ്ങിയ മുറിയിൽ വിദേശ വനിതകൾ അടക്കം നിരവധി പേരുണ്ടെന്നും ഭക്ഷണം പോലും നൽകിയില്ലെന്നും ജാസ്മിൻ പറഞ്ഞു.
സുരേഷ് ഗോപിയുടെ നിർദ്ദേശപ്രകാരം കുവൈറ്റ് എംബസി ജാസ്മിനെ നടപടികൾ പൂർത്തിയാക്കി കേരളത്തിലേക്ക് മടക്കിയക്കുകയായിരുന്നു. കണ്ണൂർ സ്വദേശിയായ മൻസൂറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജാസ്മിൻ പറഞ്ഞു.