തിരുവനന്തപുരം: ശ്രീപദ്മനാഭന്റെ മണ്ണിൽ നവോത്ഥാന നായകൻമാരെ അനുസ്മരിച്ച് തീപാറുന്ന പ്രസംഗവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
പുത്തിരിക്കണ്ടം മൈതാനിയിലെ വാർഡുതല നേതൃസംഗമത്തിലാണ് ഇടത്-വലതു മുന്നണികളെ മുൾമുനയിൽ നിർത്തിയും കണക്കിന് പരിഹസിച്ചും കൊണ്ടുള്ള അമിത് ഷായുടെ വാക്കുകൾ.
മന്നത്ത് പദ്മനാഭനെയും ശ്രീനാരായണഗുരുവിനെയും മഹാത്മ അയ്യങ്കാളിയയും പണ്ഡിറ്റ് കറുപ്പനെയും സ്മരിച്ച് കൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. ബിജെപിയെ ഉത്തരേന്ത്യൻ പാർട്ടിയെന്നാണ് കമ്യൂണിസ്റ്റ്- കോൺഗ്രസ് നേതാക്കൾ പറയുന്നത്. അസാമിലും തൃപുരയിലും ഒറിസയിലും സർക്കാരുണ്ടാകുമെന്ന് പറഞ്ഞപ്പോൾ ഇവർ പരിഹസിച്ചു. എന്നാൽ ഇന്ന് ഈ സംസ്ഥാനങ്ങൾ ഭരിക്കുന്നത് ബിജെപിയാണ്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലും ഇത് ആവർത്തിക്കും. ഇതു തന്നെയാണ് കേരളത്തിലും ആവർത്തിക്കാൻ പോകുന്നത്. 2026 ലെ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്നും നൂറുകണക്കിന് ധീരബലിദാനികളുടെ സ്വപ്നം നമ്മൾ സാക്ഷാത്കരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസത്തോടെ പറഞ്ഞു.
സംസ്ഥാനത്ത് മാറിമാറി അധികാരത്തിൽ ഇരിക്കുന്ന ഇടത്-വലത് മുന്നണികൾക്ക് ആകെ പറയാനുള്ളത് അഴിമതിയുടെ ചരിത്രമാണ്, പിണറായി സർക്കാർ നടത്തിയ എക്സാലോജിക്ക് മുതൽ പിപിഇ കിറ്റ് അഴിമതി വരെ പേരെടുത്ത് പരാമർശിച്ച് കൊണ്ടാണ് അദ്ദേഹം പറഞ്ഞു. യുഡിഎഫും ഇക്കാര്യത്തിൽ മോശക്കാരല്ല.
അടച്ചു പൂട്ടാൻ പോകുന്ന പാർട്ടിയാണ് കോൺഗ്രസ്. കിട്ടുമ്പോഴെല്ലാം കൊള്ളയടിക്കുകയായിരുന്നു അവരും. രണ്ടു മുന്നണികളും ഇക്കാര്യത്തിൽ അളിയൻമാരാണ്. എന്നാൽ 11 വർഷമായി കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സർക്കാരിനെതിരെ ഒരു അഴിമതി ആരോപണം പോലും ഉന്നയിക്കാൻ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല. വികസിത കേരളം യാഥാർത്ഥ്യമാക്കാൻ ബിജെപിക്കേ സാധിക്കൂവെന്നും അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി.
സ്വതസിദ്ധമായ ശൈലിയിലുള്ള അമിത് ഷായുടെ ഓരോ വാക്കുകളും നിറഞ്ഞ കയ്യടിയോടെയാണ് ബിജെപി കാര്യകർത്താക്കൾ സ്വീകരിച്ചത്. വാർഡുതല സംഗമത്തിൽ 15,000ത്തോളം പേരാണ് പങ്കെടുത്തത്. ബിജെപി ആലപ്പുഴ സൗത്ത് ജില്ല അദ്ധ്യക്ഷൻ സന്ദീപ് വചസ്പതിയാണ് പ്രസംഗം മലയാളത്തിലേക്ക് തർജ്ജമ ചെയ്തത്.